വെടിവയ്പ്; കടകൾക്കും വീടുകൾക്കും വാഹനങ്ങൾക്കും തീയിട്ടു
അക്രമങ്ങൾ ട്രംപ് -മോദി കൂടിക്കാഴ്ചയ്ക്കിടെയും; നൂറിലേറെ പേർക്ക് പരിക്ക്
ന്യൂഡൽഹി: പൗരത്വഭേദഗതി നിയമവിരുദ്ധ പ്രക്ഷോഭകരും നിയമ അനുകൂലികളും രണ്ട് ദിവസമായി വടക്കുകിഴക്കൻ ഡൽഹിയിൽ ചേരിതിരിഞ്ഞ് നടത്തുന്ന ഏറ്റുമുട്ടൽ വ്യാപക അക്രമങ്ങളിലേക്കും കലാപത്തിലേക്കും വഴിമാറുകയും, കൂടുതൽ പ്രദേശങ്ങളിലേക്ക് പടരുകയും ചെയ്തു. ഇരുമ്പ് ദണ്ഡുകളും മുളവടികളും കൊണ്ടുള്ള ആക്രമണങ്ങളും വെടിവയ്പും കല്ലേറും കടകൾക്കും വീടുകൾക്കും വാഹനങ്ങൾക്കും നേരെ തീവയ്പും ഇന്നലെ വ്യാപകമായതോടെ മരണസംഖ്യ 10 ആയി ഉയർന്നു. പൊലീസുകാർ ഉൾപ്പെടെ നൂറിലധികം പേർക്ക് പരിക്കേറ്റു. അക്രമങ്ങളും കൊള്ളിവയ്പും തടയുന്നതിൽ പൊലീസ് നിഷ്ക്രിയമാണെന്ന് പരക്കെ ആക്ഷേപമുണ്ട്.
മരിച്ചവരിൽ ഷാഹിദ് ഖാൻ, മുഹമ്മദ് ഫുർഖാൻ, നസീം,രാഹുൽ സോളങ്കി, വിനോദ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. വെടിയേറ്റാണ് ഇവർ മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. ഹെഡ്കോൺസ്റ്റബിൾ രത്തൻലാൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത് കല്ലേറിൽ പരിക്കേറ്റല്ലെന്നും വെടിയേറ്റാണെന്നുമുള്ള റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തവെയാണ് വടക്ക് കിഴക്കൻ ഡൽഹി കത്തിയത്.
ജഫ്രാബാദ്, മൊജ്പുർ, ബാബർപുർ, ചാന്ദ്ബാഗ്, ഖുറേജിഖാസ്, ഗോകുൽപുരി, ബജൻപുര, യമുനവിഹാർ, കബീർനഗർ, ഹോസ്റാണി, ഖസൂരി ഖാസ്, കരാവൽ നഗർ, ഗാമ്രി തുടങ്ങിയയിടങ്ങളിലെല്ലാം സംഘർഷം അരങ്ങേറുകയാണ്. ജഫ്രാബാദിൽ പള്ളി കത്തിച്ചു. മതം ചോദിച്ച് ആളുകളെ തെരഞ്ഞുപിടിച്ചാണ് ആക്രമണം. പേരുകളും മതചിഹ്നങ്ങളും നോക്കി വാഹനങ്ങളും കടകളും കത്തിക്കുകയും തകർക്കുകയും ചെയ്തു. തോക്കുകളും കല്ലുകളും കമ്പിയും വടികളും ഹോക്കിസ്റ്റിക്കുമായി അക്രമികൾ തെരുവിൽ അഴിഞ്ഞാടുകയാണ്. ആംബുലൻസുകൾ തടഞ്ഞു. പരിക്കേറ്റ ചിലരെ ബൈക്കുകളിലും മറ്റുമായാണ് ആശുപത്രിയിലെത്തിച്ചത്. സംഘർഷത്തിന്റെ മറവിൽ വ്യാപകമായ കൊള്ളയും നടക്കുന്നുണ്ട്. പലയിടങ്ങളിലും സംഘർഷം നിയന്ത്രിക്കാതെ പൊലീസ് നോക്കിനിൽക്കുകയാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.
പരിക്കേറ്റവരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ജി.ടി.ബി ആശുപത്രിയിലെത്തി സന്ദർശിച്ചു. മേഖലയിലുള്ള കുടിയേറ്റ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുകയാണെന്ന് റിപ്പോർട്ടുണ്ട്.
സൈന്യത്തെ വിളിക്കണമെന്ന
കേജ്‌രിവാളിന്റെ ആവശ്യം തള്ളി
ആഭ്യന്തരമന്ത്രി അമിത്ഷാ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്ന് സ്ഥിതിഗതികൾ വിലിയിരുത്തി. അതേസമയം സൈന്യത്തെ വിളിക്കണമെന്ന കേജ്‌രിവാളിന്റെ ആവശ്യം കേന്ദ്രം തള്ളി.
ഡൽഹി പൊലീസിന്റെ ആയിരത്തോളം വരുന്ന സായുധ സംഘത്തെ പ്രശ്നബാധിത മേഖലകളിൽ നിയോഗിച്ചു. 35 കമ്പനി അർദ്ധസൈനികൾ, ദ്രുതകർമ്മസേന തുടങ്ങിയവരെയും നിയോഗിച്ചിട്ടുണ്ട്. ഡൽഹിയുമായി അതിർത്തി പങ്കിടുന്ന ഉത്തർപ്രദേശ്, ഹരിയാന അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി. പ്രശ്നബാധിത മേഖലകളിൽ നിരീക്ഷണത്തിന് ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്.
ഞായറാഴ്ച പുലർച്ചെ ജഫ്രാബാദ് മെട്രോസ്റ്റേഷന് മുന്നിൽ ഷഹീൻബാഗ് മാതൃകയിൽ സ്ത്രീകൾ പ്രതിഷേധം തുടങ്ങിയിരുന്നു. ഇതിനെതിരെ ബി.ജെ.പി നേതാവ് കപിൽ മിശ്രയുടെ നേതൃത്വത്തിൽ പ്രകടനം നടത്തിയതും, കപിൽ മിശ്രയുടെ പ്രകോപനപരമായ പ്രസംഗവുമാണ് സംഘർഷത്തിലേക്കും ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിലേക്കും അക്രമങ്ങളിലേക്കും വഴിമാറിയത്.