ന്യൂഡൽഹി: ഇന്ത്യാസന്ദർശനത്തിന്റെ രണ്ടാംദിവസം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പത്‌നി മെലാനിയ ട്രംപും ഡൽഹിയിൽ രാജ്ഘട്ടിലെത്തി മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചു. 'യു.എസ് ജനത പിന്തുണയ്‌ക്കുന്ന പരമാധികാരമുള്ള, വിസ്‌മയകരമായ ഇന്ത്യയുടെ കരുത്ത് ഗാന്ധിജിയുടെ ദർശനങ്ങളാണ് ' രാജ്ഘട്ടിലെ സന്ദർശക പുസ്‌തകത്തിൽ ട്രംപ് കുറിച്ചു. തിങ്കളാഴ്‌ച സബർമതി ആശ്രമത്തിൽ സന്ദർശനം നടത്തിയ ശേഷം ട്രംപ് സന്ദർശക പുസ്തകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചെഴുതിയത് വിവാദമായിരുന്നു.
രാവിലെ രാഷ്‌ട്രപതിഭവനിലെ ചടങ്ങുകൾക്ക് ശേഷമാണ് ട്രംപും പത്‌നിയും ഗാന്ധി സമാധിയിലെത്തിയത്. വെള്ളപൂക്കൾ കൊണ്ട് നിർമ്മിച്ച റീത്ത് സമാധിയിൽ വച്ച് ഇരുവരും അല്പനേരം കണ്ണടച്ചു നിന്നു. ഒരുവട്ടം വലംവച്ച് സമാധിയിൽ റോസാപൂക്കങ്ങൾ വിതറിയ ശേഷം വീണ്ടും മൗനപ്രാർത്ഥന. മെലാനിയ കൈകൂപ്പി നിന്നു. സന്ദർശക പുസ്തകത്തിൽ അഭിപ്രായം രേഖപ്പെടുത്തിയ ശേഷം രണ്ടുപേരും സന്ദർശനത്തിന്റെ ഓർമ്മയ്‌ക്കായി രാജ്ഘട്ടിൽ വൃക്ഷത്തൈയും നട്ടു.