ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശത്തിന്റെ രണ്ടാം ദിവസത്തെ പരിപാടികൾ തുടങ്ങിയത് രാഷ്‌ട്രപതി ഭവനിലെ ആചാരപരമായ വരവേൽപ്പോടെയാണ്. രാവിലെ പത്തുമണിക്ക് 'ബീസ്‌റ്റ്' കാറിൽ രാഷ്‌ട്രപതി ഭവന്റെ മുറ്റത്ത് വന്നിറങ്ങിയ ട്രംപിനെയും പത്‌നി മെലാനിയയെയും രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പത്‌നി സവിതാ കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് നാലുപേരും ചേർന്ന ഫോട്ടോസെഷനു ശേഷം സേനാവിഭാഗങ്ങൾ ട്രംപിന് ഗാർഡ് ഓഫ് ഹോണർ നൽകി.
ട്രംപിന്റെ മകൾ ഇവാൻക, മരുമകൻ ജെയർഡ് കുഷ്‌നർ എന്നിവരടങ്ങിയ പ്രതിനിധി സംഘവും കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, ജയശങ്കർ, ഹർഷവർദ്ധൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
വൈകിട്ട് യു.എസ് എംബസിയിലെ പരിപാടിക്ക് ശേഷം രാത്രി രാഷ്‌ട്രപതി നൽകിയ വിരുന്നിൽ പങ്കെടുത്ത ശേഷമാണ് ട്രംപും സംഘവും യു.എസിലേക്ക് മടങ്ങിയത്. അത്താഴ വിരുന്നിൽ കേന്ദ്രമന്ത്രിമാർക്കൊപ്പം മുഖ്യമന്ത്രിമാരായ മനോഹർലാൽ ഖട്ടർ, ബി.എസ്. യദിയൂരപ്പ, ചന്ദ്രശേഖര റാവു, സർബാനന്ദ്ര സോണോവാൾ, വ്യവസായികളായ മുകേഷ് അംബാനി, സുനിൽ മിത്തൽ, എൻ. ചന്ദ്രശേഖരൻ, ആനന്ദ് മഹേന്ദ്ര,എം.എം. നായിക്, കിരൺ മസുംദാർ തുടങ്ങിയവർക്കും ക്ഷണമുണ്ടായിരുന്നു.