delhi-violence

ന്യൂഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിലെ അക്രമസംഭവങ്ങളിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിലും ഡൽഹി ഹൈക്കോടതിയിലും ഹർജികൾ. ഭീം ആർമി നേതാവ്, മുൻ മുഖ്യ വിവരാവകാശ കമ്മിഷണർ വജാഹത്ത് ഹബീബുള്ള, ഷഹീൻബാഗ് സ്വദേശി ബഹദൂർ അബ്ബാസ് നഖ്‌വി എന്നിവരാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

ഇന്നലെ രാവിലെ പത്തരയോടെ അഭിഭാഷകനായ മെഹ്‌മൂദ് പ്രാച, അക്രമ സംഭവങ്ങളിൽ ഉടൻ കോടതി ഇടപെടണമെന്ന് ജസ്റ്റിസുമാരായ എസ്.കെ.കൗൾ, കെ.എം. ജോസഫ് എന്നിവരുൾപ്പെട്ട ബെഞ്ചിനോട് ആവശ്യപ്പെട്ടെങ്കിലും ഷഹീൻബാഗ് ഹർജിക്കൊപ്പം ഇന്ന് കേസ് പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ബി.ജെ.പി നേതാവ് കപിൽ മിശ്രയിൽ നിന്നുള്ള പ്രകോപനപരമായ പ്രസംഗങ്ങളും പ്രവൃത്തികളുമാണ് കലാപത്തിലേക്ക് നയിച്ചതെന്നാണ് ഹർജിക്കാരുടെ ആരോപണം. പ്രതിഷേധക്കാരെ ആക്രമിക്കാൻ ഡൽഹിയുടെ അതിർത്തിക്ക് പുറത്ത് നിന്ന് ആക്രമികളെത്തുന്നു. പൊലീസ് നോക്കുകുത്തികളാകുന്നുവെന്നും ഷഹീൻബാഗിലടക്കം പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യവും സുരക്ഷയും സ്തീകൾക്ക് അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഷാഹീൻ ബാഗ് കേസിൽ ചന്ദ്രശേഖർ ആസാദിന്റെ അഭിഭാഷകനാണ് മെഹ്‌മൂദ് പ്രാച.

ഡൽഹി കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ ഹർഷ് മന്ദറാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ജി.എസ്. സിസ്താനി, അനുപ് ജയ്രാ ബംഭാനി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ബി.ജെ.പി നേതാക്കളായ കപിൽ മിശ്ര, അനുരാഗ് ടാക്കൂർ, പർവേഷ് വർമ എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഹർജിയിലെ ആരോപണം. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. ഇന്ന് കോടതി ഇന്ന് വീണ്ടും കേസ് പരിഗണിക്കും.