ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും, രാജ്യത്ത് മതസ്വാതന്ത്ര്യം ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നുണ്ടെന്നും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനം പൂർത്തിയാക്കി മടങ്ങുന്നതിനു മുമ്പ് വാർത്താസമ്മേളനത്തിലാണ് ട്രംപിന്റെ പ്രതികരണം. പൗരത്വ ഭേദഗതിയെക്കുറിച്ചുള്ള വാർത്താലേഖകരുടെ ചോദ്യങ്ങളിൽ നിന്ന് യു.എസ് പ്രസിഡന്റ് ഒഴിഞ്ഞുമാറി. നേരത്തേ ഹൈദരാബാദ് ഹൗസിൽ, ഇന്ത്യയുമായുള്ള 300 കോടി ഡോളറിന്റെ പ്രതിരോധ കരാർ ഉൾപ്പെടെ മൂന്ന് സുപ്രധാന ഉടമ്പടികളിൽ ഒപ്പുവച്ച അദ്ദേഹം, ഇന്ത്യയുമായുള്ള വ്യാപാര കരാർ ഈ വർഷം അവസാനത്തോടെ യാഥാർത്ഥ്യമാകുമെന്ന് സൂചന നൽകി.
മോദിയുമായുള്ള കൂടിക്കാഴ്‌ചയിൽ ഇന്ത്യയിലെ മതസ്വാതന്ത്ര്യം ചർച്ചയായെന്ന് ട്രംപ് പറഞ്ഞു. ജനങ്ങൾക്ക് മതസ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്. അതിനായി രാജ്യം വളരെക്കാലമായി കഠിനപ്രയത്നത്തിലാണ്. പൗരത്വ നിയമ ഭേദഗതിയെച്ചൊല്ലി ഡൽഹിയിൽ നടക്കുന്ന ഒറ്റപ്പെട്ട അക്രമങ്ങളെക്കുറിച്ച് കേട്ടിരുന്നു. എന്നാൽ ഇക്കാര്യം പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തില്ല. നിയമ ഭേദഗതിയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പറയാനില്ല. സ്വന്തം പൗരന്മാർക്കായി ഇന്ത്യ നല്ലതു ചെയ്യുമെന്നാണ് പ്രതീക്ഷ- ട്രംപ് പറഞ്ഞു. ഇന്ത്യയിലെ മുസ്ളിം സമുദായത്തോട് തന്റെ സർക്കാരിന് യാതൊരു വിവേചനവുമില്ലെന്ന് ചർച്ചയ്‌ക്കിടെ മോദി പറഞ്ഞതായും യു.എസ് പ്രസിഡന്റ് പറഞ്ഞു.
ജമ്മു കാശ്‌മീർ വിഷയത്തിൽ മദ്ധ്യസ്ഥത വഹിക്കാമെന്ന് അമേരിക്ക പറഞ്ഞിട്ടില്ലെന്നും, ഇന്ത്യയ്‌ക്കും പാകിസ്ഥാനുമിടയിലെ മുള്ളാണ് കാശ്മീർ എന്നും ട്രംപ് പറഞ്ഞു. ദീർഘകാലമായി നിലനിൽക്കുന്ന വലിയ പ്രശ്‌നം ഇരു രാജ്യങ്ങളും തമ്മിൽ പരിഹരിക്കും.മോദിയുമായുള്ള കൂടിക്കാഴ്ചയിൽ കാശ്മീർ വിഷയം ചർച്ചയായി. ഇന്ത്യാ- പാക് പ്രധാനമന്ത്രിമാരുമായുള്ള നല്ല ബന്ധം വച്ച് ആവശ്യമെങ്കിൽ മദ്ധ്യസ്ഥതയോ സഹായമോ ആകാമെന്നും ഹോട്ടൽ ഐ.ടി.സി മൗര്യയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞു.
ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ രണ്ടാം ദിവസത്തിന്റെ തുടക്കം രാഷ്‌ട്രപതിഭവനിലെ ആചാര വരവേൽപ്പോടെയായിരുന്നു. രാജ്ഘട്ടിലെ ഗാന്ധി സമാധിയിൽ പത്നി മെലാനിയയ്ക്കൊപ്പം ട്രംപ് പുഷ്‌പാർച്ചന നടത്തി. ഹൈദരാബാദ് ഹൗസിലെ കൂടിക്കാഴ്‌ചയ്‌ക്കും സംയുക്ത പ്രസ്താവനയ്ക്കും ശേഷം പ്രധാനമന്ത്രിക്കൊപ്പമായിരുന്നു ഉച്ചഭക്ഷണം. വൈകിട്ട് ഇന്ത്യൻ വ്യവസായികളുമായുള്ള കൂടിക്കാഴ്ചയ്‌ക്കു ശേഷം വാർത്താസമ്മേളനം. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് നൽകിയ അത്താഴവിരുന്നിനു ശേഷം രാത്രി പത്തു മണിയോടെ ട്രംപും സംഘവും യു.എസിലേക്കു മടങ്ങി.
വാർത്താ സമ്മേളനത്തിൽ ട്രംപ്
ഇന്ത്യയുമായുള്ള വ്യാപാര കരാർ ഈ വർഷം അവസാനം യാഥാർത്ഥ്യമായേക്കും
അടുത്ത 50-100 വർഷം ഇന്ത്യ ലോകവിപണിയിൽ ശക്തരാകും.
യു.എസ് ഉത്പന്നങ്ങൾക്ക് ഇന്ത്യയിലെ നികുതി നിരക്കുകൾ കൂടുതലാണ്.
താലിബാൻ-യു.എസ് സമാധാന ചർച്ച യാഥാർത്ഥ്യമാകാൻ ഇന്ത്യയും ആഗ്രഹിക്കുന്നു.