m1

ന്യൂഡൽഹി: ഇന്ത്യയും യു.എസും തമ്മിലുള്ളത് 21-ാം നൂറ്റാണ്ടിലെ ഏറ്റവുംമികച്ച പങ്കാളിത്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഹൈദരാബാദ്ഹൗസിൽ ഇരു നേതാക്കളും തമ്മിലുള്ള ഔദ്യഗിക കൂടിക്കാഴ്ചയ്‌ക്കു ശേഷം നടത്തിയ സംയുക്ത പ്രസ്താവന ചടങ്ങിൽ സംസാരിക്കുകയായിരുന്നുപ്രധാനമന്ത്രി. ഇന്ത്യയുടെ ആതിഥേയത്വത്തിന് നന്ദി പറഞ്ഞ ട്രംപ് സന്ദർശനം മറക്കാനാകാത്ത അനുഭവമാണെന്ന് ചൂണ്ടിക്കാട്ടി.

ഇരുരാജ്യങ്ങൾക്കും ഇടയിൽ നിലവിലുള്ളത് മികച്ച ബന്ധം. അത് കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ ട്രംപുമായുള്ള ചർച്ചകളിൽ ധാരണയായി. ഇക്കാര്യത്തിൽ ട്രംപിന്റെ സംഭാവന അമൂല്യമാണ്. ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധ, സുരക്ഷാ കരാറുകളിൽ ഒപ്പിട്ടു. സാങ്കേതികവിദ്യാ സഹകരത്തിനും വ്യാപാര ബന്ധങ്ങളും ജനങ്ങൾ തമ്മിലുള്ള അടുപ്പവും വർദ്ധിപ്പിക്കുന്ന നടപടികൾക്കും ധാരണയായി. ആധുനിക ഉപകരണങ്ങളുടെ കരാർ പ്രതിരോധമേഖലയിൽ ഇന്ത്യയുടെ മികവ് വർദ്ധിപ്പിക്കും. ആഭ്യന്തര സുരക്ഷയ്‌ക്കൊപ്പം അന്താരാഷ്‌ട്ര തലത്തിൽ കുറ്റകൃത്യങ്ങൾ തടയാനും നടപടിയെടുക്കും. ഭീകരപ്രവർത്തനം തടയാനുള്ള സഹകരണവും വർദ്ധിപ്പിക്കും. മയക്കുമരുന്ന് വിപത്തിനെതിരെയും അനുബന്ധ കുറ്റകൃത്യങ്ങൾക്കെതിരെയും ഒന്നിച്ച് നീങ്ങും.

ഇന്ത്യയുടെ ആതിഥേയത്വം താനും ഭാര്യ മെലാനിയയും നന്നായി ആസ്വദിച്ചെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. സബർമതി ആശ്രമം, രാജ്ഘട്ട് സന്ദർശനങ്ങൾ ഗാന്ധിജിയുടെ സ്‌മരണകളാൽ സമ്പന്നമായി. ഇന്ത്യയുടെ മികച്ച സാസ്‌കാരിക പൈതൃകമായ താജ്മഹൽ സന്ദർശിക്കാനായത് ഭാഗ്യം. ജനാധിപത്യം, ഭരണഘടനാ തത്ത്വങ്ങൾ, വ്യക്തി സ്വാതന്ത്ര്യം, നിയമസംവിധാനം തുടങ്ങിയമേഖലകളിൽ ഇന്ത്യയ്‌ക്കും യു.എസിനും ഇടയിൽ സാമ്യതകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂടിക്കാഴ്‌ചയ്‌ക്കു ശേഷം പ്രധാനമന്ത്രി ഒരുക്കിയ ഉച്ചഭക്ഷണ വിരുന്നിലും ട്രംപ് പങ്കെടുത്തു.