ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ സ്ത്രീകളുടെ നേതൃത്വത്തിലുള്ള പൗരത്വഭേദഗതി വിരുദ്ധ സമരം സംഘർഷഭരിതമാക്കിയത് ബി.ജെ.പി നേതാവ് കപിൽ മിശ്രയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനവും പ്രകോപന പ്രസംഗവും..
'പ്രതിഷേധക്കാർ ഡൽഹിയിൽ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുകയാണ്. ഡോണൾഡ് ട്രംപ് ഇന്ത്യയിലുള്ളത് വരെ ഞങ്ങൾ ക്ഷമിക്കും. മൂന്ന് ദിവസത്തിനുള്ളിൽ സമരക്കാരെ ഒഴിപ്പിക്കണം. ഇതു പൊലീസിനുള്ള അന്ത്യശാസനമാണ്', ഞായറാഴ്ച മോജ്പുരിൽ പൗരത്വ നിയമ അനുകൂല റാലിയിൽ കപിൽ മിശ്രയുടെ ഭീഷണി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സാക്ഷി നിറുത്തിയായിരുന്നു പിന്നാലെയാണ് പ്രകടനത്തിൽ പങ്കെടുത്തവരും സമരക്കാരും തമ്മിൽ കല്ലേറും സംഘർഷവുണ്ടായത്.
കപിൽ മിശ്രയോ മറ്റാരെങ്കിലുമോ ആയാലും വിദ്വേഷ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ബി.ജെ.പി ഈസ്റ്റ് ഡൽഹി ലോക് സഭാംഗവും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ പ്രതികരിച്ചു. കപിൽ മിശ്രയുടെ പ്രകോപന പ്രസംഗം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.സ്ഥിതി കൈവിട്ടുപോയതോടെ സമാധാന ആഹ്വാനവുമായി കപിൽ മിശ്ര രംഗത്തെത്തി.
കേജ്‌രിവാളിന്റെ
മുൻ വിശ്വസ്തൻ
ബി.ജെ.പി മുൻ മേയറും എഴുത്തുകാരനും ചിന്തകനുമായ രമേശ്വർ മിശ്രയുടെ മകനാണ് കപിൽ മിശ്ര. ആംആദ്മിയിൽ അരവിന്ദ് കേജ്‌രിവാളിനൊപ്പം ചേർന്ന് 2013ൽ കർവാൽ നിയമസഭാ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2015ൽ വിജയിച്ച് കേജ്‌രിവാൾ മന്ത്രിസഭയിൽ അംഗമായി. പിന്നീട് തെറ്റിപ്പിരിഞ്ഞതോടെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ ബി.ജെ.പിയിൽ ചേർന്നു. ഇക്കഴിഞ്ഞ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ മോഡൽ ടൗൺ മണ്ഡലത്തിൽ നിന്നു ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച് ആംആദ്മി സ്ഥാനാർത്ഥിയോട് തോറ്റു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനെ ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടമായി വിശേഷിപ്പിച്ചതിനെ തുടർന്നു കപിൽ മിശ്രയെ 48 മണിക്കൂർ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രചാരണത്തിൽ നിന്ന് വിലക്കി. ഷഹീൻബാഗിലെ സമരക്കാർ വീടുകളിലെത്തി മാനഭംഗവും കൊലപാതകവും നടത്തുമെന്ന പ്രസംഗവും വിവാദമായി.