ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിലെ കലാപസ്ഥിതി കൈകാര്യം ചെയ്യുന്നതിൽ സംഭവിച്ച ഗുരുതര വീഴ്ചയിൽ പൊലീസിന് സുപ്രീം കോടതിയുടെയും ഡൽഹി ഹൈക്കോടതിയുടെയും രൂക്ഷ വിമർശനം. പ്രൊഫഷണലിസമില്ലാത്ത പൊലീസിന്റെ നിഷ്ക്രിയത്വമാണ് കലാപം പടരാൻ ഇടയാക്കിയതെന്ന സുപ്രീം കോടതി നിരീക്ഷണത്തിനു പിന്നാലെ, കലാപത്തിന് തിരികൊളുത്തും മട്ടിൽ വിദ്വേഷപ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കളായ കപിൽ മിശ്ര, അനുരാഗ് ഠാക്കൂർ, പർവേശ് വർമ, അഭയ് വർമ എന്നിവർക്കെതിരെ കേസെടുക്കാനും ഡൽഹി ഹൈക്കോടതി നിർദേശിച്ചു.
സോളിസിറ്റർ ജനറലിനെയും പൊലീസിനെയും ഒരുപോലെ വിമർശിച്ച ഹൈക്കോടതി, 1984 ലെ സിക്ക് വിരുദ്ധ കലാപത്തിന്റെ സാഹചര്യം ആവർത്തിക്കാൻ അനുവദിക്കരുതെന്ന് പറഞ്ഞു. അക്രമ സംഭവങ്ങൾ അമർച്ച ചെയ്യാൻ കഴിയാതിരുന്നതിൽ വിശദീകരണം ആവശ്യപ്പെട്ട് ഡൽഹി പൊലീസ് കമ്മിഷണർക്കും കേന്ദ്ര സർക്കാരിനും ഹൈക്കോടതി നോട്ടീസ് അയയ്‌ക്കുകയും, അക്രമസംഭവങ്ങളെക്കുറിച്ച് പഠിക്കാൻ അമിക്കസ് ക്യൂറിയായി അഡ്വ. സുബൈദാ ബീഗത്തെ നിയോഗിക്കുകയും ചെയ്തു.
പ്രൊഫഷണലിസമില്ലാത്ത ഡൽഹി പൊലീസ് ബ്രിട്ടനിലെ പൊലീസിനെ കണ്ടുപഠിക്കണമെന്നും പൊലീസ് കൂറു പുലർത്തേണ്ടത് ഭരണഘടനാ സ്ഥാപനത്തോടാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ദൗർഭാഗ്യകരമായ സംഭവങ്ങളാണ് രാജ്യതലസ്ഥാനത്തേത്. പല ഘട്ടങ്ങളിലും പൊലീസ് നിഷക്രിയമായി അക്രമങ്ങൾ നോക്കിനിൽക്കുകയായിരുന്നു. പല സ്ഥലങ്ങളിലും പൊലീസ് സേനയ്ക്ക് സ്വാതന്ത്ര്യമില്ലാത്ത സാഹചര്യമുണ്ടായിരുന്നെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
കലാപം അയയുന്നു,
മരണം 27
വടക്കു കിഴക്കൻ ഡൽഹിയുടെ സുരക്ഷാ ചുമതല അജിത് ഡോവലിന്
കൊല്ലപ്പെട്ട ഹെഡ്‌കോൺസ്റ്റബിളിന്റെ കുടുംബത്തിന് ഒരു കോടി
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി വിഷയത്തെച്ചൊല്ലി വടക്കു കിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി. അക്രമങ്ങളിൽ ഇരുനൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെടിയേറ്റ പരിക്കുകളുമായി ചികിത്സയിലുള്ളവരിൽ പലരുടെയും നില ഗുരുതരമാണ്. സംഘർഷത്തിൽ കൊല്ലപ്പെട്ട ഹെഡ്‌കോൺസ്റ്റബിൾ രത്തൻലാലിന്റെ കുടുംബത്തിന് ഡൽഹി സർക്കാർ ഒരു കോടി രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ, കലാപ സാഹചര്യം കൈകാര്യം ചെയ്യുന്നതിലെ പൊലീസ് വീഴ്ചയിൽ സുപ്രീം കോടതിയിൽ നിന്നും ഹൈക്കോടതിയിൽ നിന്നും അതിരൂക്ഷ വിമർശനം ഏറ്റുവാങ്ങേണ്ടിവന്ന കേന്ദ്ര സർക്കാർ, സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് ചുമതല നൽകി. കലാപം രൂക്ഷമായ സീലംപുർ, ജഫറാബാദ്, മൊജ്പുർ, ഗോകുൽപുരി മേഖലകളിൽ ഡോവൽ സന്ദർശനം നടത്തുകയും, സമുദായ നേതാക്കളോടും പ്രദേശവാസികളോടും സംസാരിക്കുകയും ചെയ്തു.
കലാപ ബാധിത മേഖലകളിൽ ഇന്നലെ സി.ആർ.പി.എഫ് ഉൾപ്പെടെ കൂടുതൽ സായുധ സേനയെ വിന്യസിച്ചതോടെ സംഘർഷത്തിന് അയവുവന്നിട്ടുണ്ട്. വ്യാപകമായ അക്രമ സംഭവങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഘർഷത്തിനിടെ ചൊവ്വാഴ്ച കാണാതായ ഐ.ബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ (26) മൃതദേഹം ചാന്ദ്ബാഗിലെ ഓവുചാലിൽ നിന്ന് കണ്ടെത്തി. അക്രമങ്ങളുമായി ബന്ധപ്പെട്ട് 18 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രിവരെ 106 പേർ അറസ്റ്റിലായി.