ന്യൂഡൽഹി: സുപ്രീംകോടതി ആഡിറ്റോറിയത്തിൽ ദ്വിദിന അന്താരാഷ്ട്ര ജുഡിഷ്യൽ കോൺഫറൻസിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് ജസ്റ്റിസ് അരുൺ മിശ്ര നടത്തിയ പ്രസംഗത്തിനെതിരെ സുപ്രീംകോടതി ബാർ അസോസിയേഷൻ രംഗത്തെത്തി. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടന തന്നെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ജുഡിഷ്യറിയിലാണ്. അതു കാത്ത് സൂക്ഷിക്കാൻ ജുഡിഷ്യറി ബാദ്ധ്യസ്ഥമാണ്. ഭരണവിഭാഗത്തോടുള്ള അടുപ്പത്തെ പുകഴ്ത്തി പ്രസ്താവനകൾ പാടില്ലെന്ന് ബാർ അസോസിയേഷൻ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ബഹുമുഖ പ്രതിഭയാണ് നരേന്ദ്ര മോദിയെന്നാണ് അരുൺ മിശ്ര പറഞ്ഞത്.