ന്യൂഡൽഹി: ബന്ധുക്കളല്ലാത്തവർക്കും ഗർഭപാത്രം വാടകയ്ക്ക് നൽകാനുള്ള വ്യവസ്ഥകൾ അടങ്ങിയ പുതിയ വാടക ഗർഭപാത്ര ഭേദഗതി നിയമത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. വാണിജ്യ താത്‌പര്യത്തോടെ ഗർഭപാത്രം വാടകയ്ക്ക് നൽകുന്ന സാഹചര്യം ഒഴിവാക്കി പരോപകാര പ്രദമായ രീതി അവലംബിക്കാൻ പ്രേരിപ്പിക്കുന്ന വ്യവസ്ഥകളാണ് ചേർത്തതെന്ന് മന്ത്രിസഭാ തീരുമാനം വിശദീകരിച്ച കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്‌മൃതി ഇറാനി അറിയിച്ചു. പാർലമെന്റിൽ അവതരിപ്പിച്ച മുൻ ബില്ലിൽ രാജ്യസഭാ സെലക്‌റ്റ് കമ്മിറ്റിയുടെ ശുപാർശകൾ ഉൾപ്പെടുത്തിയാണ് വീണ്ടും കൊണ്ടുവരുന്നത്.
രാജ്യസഭാ കമ്മിറ്റിയുടെ 15 ശുപാർശകളാണ് പുതിയ ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവാഹം കഴിഞ്ഞ് അഞ്ചു കൊല്ലത്തിന് ശേഷവും കുട്ടികളുണ്ടാകാത്ത അവസ്ഥയാണ് വന്ധ്യതയെന്ന നിർവചനം ഒഴിവാക്കി.
മറ്റ് പ്രധാന വ്യവസ്ഥകൾ:
-വാടക ഗർഭപാത്രത്തിന്റെ ഉടമ അടുത്ത ബന്ധു ആകണമെന്നില്ല. സ്‌ത്രീയുടെ സമ്മതം അനിവാര്യം.
- വാടക ഗർഭപാത്രം ഇന്ത്യൻ സ്‌ത്രീയുടേത് ആയിരിക്കണം.
- സേവനം കുഞ്ഞുണ്ടാകില്ലെന്ന് പരിശോധനകളിൽ വ്യക്തമായ ഇന്ത്യൻ വംശജരായ ദമ്പതികൾക്ക് മാത്രം.
- വിധവകൾക്കും വിവാഹമോചനം നേടിയ സ്‌ത്രീകൾക്കും സ്വന്തം താത്പര്യ പ്രകാരം ഗർഭപാത്രം വാടകയ്‌ക്ക് നൽകാം.
- അമ്മയ്‌ക്കുള്ള ഇൻഷ്വറൻസ് പരിധി 16ൽ നിന്ന് 36ആയി വർദ്ധിപ്പിച്ചു. പ്രസവാനന്തരമുള്ളചികിത്സയും ഉറപ്പാക്കണം.
-പുതിയ വാടക ഗർഭപാത്ര നിയന്ത്രണ ബില്ലിന് മുൻപ് ഭ്രൂണ കൈമാറ്റം, കുട്ടികളുണ്ടാകാനുള്ള ചികിത്സ തുടങ്ങിയവയ്‌ക്ക് മാർഗനിർദ്ദേശം നൽകുന്നതും ക്ളിനിക്കുകൾക്ക് നിയന്ത്രണം കൊണ്ടുവരുന്നതുമായ അസിസ്‌റ്റഡ് റീപ്രൊഡക്‌ടീവ് ടെക്നോളജീസ് നിയന്ത്രണ ബിൽ പാർലമെന്റ് പാസാക്കിയിരിക്കണം.(കഴിഞ്ഞയാഴ്‌ച ഈ ബില്ലിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. അടുത്ത സമ്മേളനത്തിൽ അവതരിപ്പിക്കും. )