ന്യൂഡൽഹി: ബാഗുകളിലൊതുങ്ങാവുന്നതുമെടുത്ത് പലായനം ചെയ്യുന്ന ഒരു കൂട്ടം ആളുകളെയാണ് സീലംപുരിൽ എത്തിയപ്പോൾ കണ്ടത്. വാഹനങ്ങളൊഴിഞ്ഞ നിരത്തിലൂടെ മൊജ്പുരിലേക്ക് പോകുമ്പോൾ കാണാം, അടഞ്ഞുകിടക്കുന്ന കടകൾ. നിശബ്ദമായ ഗലികൾ. റോഡുകൾ നിറയെ ഇഷ്ടിക കല്ലുകൾ. പരസ്പരം പോരടിച്ചതിന്റ ബാക്കിപത്രം....
പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ടുണ്ടായ കലാപം വിഴുങ്ങിയ വടക്ക് കിഴക്കൻ ഡൽഹിയിൽ ജീവിതം സാധാരണനിലയിലായിട്ടില്ല. എന്നാൽ, സംഘർഷത്തിന് അയവുവന്നിട്ടുണ്ട്. പൊലീസുകാരും അർദ്ധസൈനികരും പെട്രോളിംഗ് നടത്തുന്നു. കൂട്ടംകൂടുന്നവരെ പിരിച്ചുവിടുന്നു. ഗലികളിലേക്കുള്ള വഴികൾ ബാരിക്കേഡുകൾകൊണ്ട് അടച്ചു. തുറന്ന കടകൾക്ക് മുൻപിൽ സാധനങ്ങൾ വാങ്ങാനുള്ളവരെ നീണ്ടനിര തന്നെ കാണാം.
വലിയതോതിൽ സംഘർഷമുണ്ടായ മേഖലയാണ് മൊജ്പുർ. അവിടത്തെ പ്രധാനകേന്ദ്രമായ മൊജ്പുർ മെയിൻ റോഡിൽ കട തകർത്തിരുന്നു. പരിക്കേറ്റ മുഖവുമായി തെരുവിലൂടെ നടന്നുപോകുന്ന യുവാക്കളെ കണ്ടു. അർദ്ധസൈനികർ നിലയുറപ്പിച്ചിട്ടുണ്ടെങ്കിലും പിരിഞ്ഞുപോകാൻ തയാറാകാതെ ആളുകൾ കൂട്ടംകൂടി നിൽക്കുകയാണ്. വിരട്ടിയോടിക്കുമ്പോൾ ഗലികളിലേക്ക് മടങ്ങും. വീണ്ടും സംഘടിച്ചെത്തും. പ്രദേശവാസികളെ കാണാനും അനുനയിപ്പിക്കാനും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ഉന്നതപൊലീസ് സംഘവും അവിടെയെത്തി. കനത്തസുരക്ഷയിൽ രണ്ടു മിനുട്ട് നീണ്ട സന്ദർശനം കഴിഞ്ഞ് അദ്ദേഹം മടങ്ങുമ്പോൾ ആൾക്കൂട്ടം ജയ്ശ്രീറാം വിളിക്കുന്നുണ്ടായിരുന്നു.
കരളലിയിക്കും ഈ കാഴ്ചകൾ
വിജയ് പാർക്കിൽ റോഡരികിൽ കണ്ടത് കത്തിയമർന്ന ബൈക്കും തകർന്ന കടയും. അവിടെയുള്ള ഗലിയിലാണ് ബിഹാറിൽ നിന്നുള്ള തൊഴിലാളിയായ പതിനഞ്ചുകാരൻ വെടിയേറ്റുമരിച്ചത്. ''പൊലീസ് നോക്കി നിൽക്കെ ഒരു സംഘം ആളുകളെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. ഗോകുൽപുരിയിലും മറ്റുമായി മൂന്നു പള്ളികൾക്ക് നേരെ ആക്രമണമുണ്ടായി''. പ്രദേശവാസിയായ മുഹമ്മദ് താരിക് പറഞ്ഞു.
യമുന വിഹാറിലെത്തിയപ്പോൾ കണ്ടത് വാഹനങ്ങളുടെ ശവപ്പറമ്പ്. നിരവധി കാറുകളും ബൈക്കുകളും ട്രക്കുകളും. അക്രമികൾ തീയിട്ട പെട്രോൾ പമ്പിലും നിരവധി വാഹനങ്ങൾ കത്തിയമർന്നിട്ടുണ്ട്. കടകൾ കത്തിച്ചും എറിഞ്ഞും തകർത്തിട്ടുണ്ട്.
''അക്രമികൾ ആയുധങ്ങളുമായി കൂട്ടത്തോടെയെത്തി കാറുകളും ബൈക്കുകളും കത്തിക്കുകയായിരുന്നു. കടകൾക്ക് തീയിട്ടു. കല്ലെറിഞ്ഞു''. അഗ്നിക്കിരയായ കട വൃത്തിയാക്കുന്നതിനിടെ തൊഴിലാളിയായ നന്ദകിഷൻ പറഞ്ഞു.
യമുനവിഹാറിൽ നിന്നിറങ്ങുന്നതിനിടെ ഫയർഎൻജിൻ വേഗത്തിൽ പോകുന്നുണ്ടായിരുന്നു. തൊട്ടടുത്ത പ്രദേശത്ത് വീണ്ടും സംഘർഷമുണ്ടെന്ന് സൂചിപ്പിച്ച് പുക ഉയരുന്നു. എന്തോ കത്തിച്ചാമ്പലാകുന്നതിന്റെ മണവും. ഒന്നും അടങ്ങിയിട്ടില്ലെന്ന് വ്യക്തം.