p-chidambaram

ന്യൂഡൽഹി: കനയ്യ കുമാറിനെ വിചാരണ ചെയ്യാൻ അനുമതി നൽകിയ ഡൽഹി സർക്കാർ നടപടിയെ വിമർശിച്ച് മുൻ കേന്ദ്രമന്ത്രി പി.ചിദംബരം. രാജ്യദ്രോഹ നിയമം മനസിലാക്കുന്നതിൽ ഡൽഹി സർക്കാർ കേന്ദ്ര സർക്കാരിനേക്കാൾ പിന്നിലാണെന്ന് ചിദംബരം പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124എ, 120ബി എന്നീ വകുപ്പുകൾ പ്രകാരം കനയ്യ കുമാറിനെയും മറ്റുള്ളവരെയും വിചാരണ ചെയ്യാൻ അനുമതി നൽകിയതിനെ ശക്തമായി എതിർക്കുന്നുവെന്നും ചിദംബരം ട്വിറ്ററിൽ കുറിച്ചു.

അതിവേഗ കോടതിയിൽ കേസിന്റെ വിചാരണ നടക്കണമെന്ന് സർക്കാർ ഉദ്യോഗസ്ഥരോടും പൊലീസിനോടും കനയ്യ കുമാർ ആവശ്യപ്പെട്ടു. കേസിൽ പെട്ടെന്ന് തീർപ്പുണ്ടായാൽ മാത്രമേ നിയമങ്ങൾ രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയും ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുമുപയോഗിക്കുന്നതെങ്ങനെയെന്ന് ജനങ്ങൾക്ക് മനസിലാകൂവെന്ന് കനയ്യ ട്വീറ്റ് ചെയ്തു.

ജെ.എൻ.യു സമരവുമായി ബന്ധപ്പെട്ട് 2016ൽ റജിസ്റ്റർ ചെയ്ത കേസിലാണ് കനയ്യ കുമാർ അടക്കമുള്ളവരെ വിചാരണ ചെയ്യാൻ ഡൽഹി പൊലീസിന് സർക്കാർ അനുമതി കൊടുത്തത്. 2016 ഫെബ്രുവരി 9ന് അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റാലിയിൽ കനയ്യ കുമാർ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കേസിൽ 2016 ഫെബ്രുവരി 12ന് കനയ്യ കുമാർ അറസ്റ്റിലായിരുന്നു. മാർച്ച് മൂന്നിനാണ് ജയിൽ മോചിതനായത്.