justice-muralidhar

ന്യൂഡൽഹി: ഡൽഹി കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിൽ വിവാദ പ്രസംഗം നടത്തിയ നാല് ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട

ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്. മുരളീധറിനെ രായ്ക്കുരാമാനം സ്ഥലം മാറ്റിയതിനെ കോൺഗ്രസ് നേതാക്കൾ രൂക്ഷമായി വിമർശിച്ചു.

'ധീരനായ ജഡ്ജി ജസ്റ്റിസ് ലോയയെ ഓർക്കുന്നു 'വെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തു. ' നടപടി ലജ്ജാകരം. ജനങ്ങൾക്ക് ജുഡിഷ്യറിയിലുള്ള വിശ്വാസം തകർക്കാനുള്ള ബോധപൂർവമായ ശ്രമം'- പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. ബി.ജെ.പി നേതാക്കളെ രക്ഷിക്കാനാണ് ജസ്റ്റിസ് മുരളീധറിനെ സ്ഥലംമാറ്റിയതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

അതേസമയം, ജസ്റ്റിസ് മുരളീധറിന്റെ സാധാരണ സ്ഥലം മാറ്റത്തെ കോൺഗ്രസ് രാഷ്ട്രീയവത്കരിക്കുകയാണെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് ട്വീറ്റ് ചെയ്തു. സുപ്രീംകോടതി കൊളീജിയം ഈ മാസം 12ന് ശുപാർശ ചെയ്തത് പ്രകാരമാണ് സ്ഥലം മാറ്റം. കോൺഗ്രസ് ജുഡിഷ്യറിയോടുള്ള അവരുടെ അനാദരവ് വീണ്ടും പ്രകടിപ്പിച്ചിരിക്കുന്നെന്നും കുറ്റപ്പെടുത്തി.

വടക്കൻ ഡൽഹിയിലെ കലാപക്കേസ് ബുധനാഴ്ച പരിഗണിക്കെ പൊലീസിനെതിരെയും സോളിസിറ്റർ ജനറലിനെതിരെയും രൂക്ഷ വിമർശനമാണ് ജസ്റ്റിസ് മുരളീധറിന്റെ ബെഞ്ചിൽ നിന്നുണ്ടായത്. വിദ്വേഷപ്രസംഗം നടത്തിയ കപിൽ മിശ്ര, അനുരാഗ് ഠാക്കൂർ, പർവേശ് വർമ, അഭയ് വർമ എന്നിവർക്കെതിരെ ഡൽഹി പൊലീസ് എഫ്.ഐ.ആ‌ർ രജിസ്റ്റർ ചെയ്യാത്തതിനെ വിമർശിച്ച ശേഷമാണ് കേസെടുക്കാൻ നിർദ്ദേശിച്ചത്. ബുധനാഴ്ച അർദ്ധരാത്രി ജസ്റ്റിസ് മുരളീധറിനെ പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി ഉത്തരവിറങ്ങുകയായിരുന്നു.

അതിനിടെ, ഇന്നലെ രണ്ട് ജഡ്ജിമാരെ കൂടി സ്ഥലംമാറ്റി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ബോംബെ ഹൈക്കോടതി ജഡ്ജി ആർ.വി.മേറെയെ മേഘാലയ ഹൈക്കോടതിയിലേക്കും കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആർ.മളിമഠിനെ ഉത്തരാഖണ്ഡ് ഹൈക്കോടതിയിലേക്കുമാണ് സ്ഥലം മാറ്റിയത്.

'ലോയ കേസ് സുപ്രീംകോടതി തീർപ്പാക്കിയതാണ്. അതിനെ മാനിക്കാത്ത രാഹുൽ കോടതിക്കും മുകളിലാണോ? അടിയന്തരാവസ്ഥ കാലത്ത് സുപ്രീംകോടതി ജഡ്ജിമാരെ പോലും കോൺഗ്രസ് നീക്കം ചെയ്തിട്ടുണ്ട്. കോടതി, സൈന്യം, പ്രധാനമന്ത്രി എന്നിവർക്കെല്ലാമെതിരെ ഒരു കുടുംബം പതിവായി ആക്ഷേപ വാക്കുകൾ ഉപയോഗിക്കുന്നു '

- രവിശങ്കർ പ്രസാദ്, കേന്ദ്ര നിയമമന്ത്രി.