delhi-

ന്യൂഡൽഹി: വടക്കൻ ഡൽഹിയെ കലാപത്തിലേക്ക് നയിച്ചത് നാല് ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗമാണെന്ന ഹർജികളിൽ അവർക്കെതിരെ ഇപ്പോൾ കേസെടുക്കേണ്ടെന്ന് ഡൽഹി ഹൈക്കോടതി നിർദ്ദേശം. കേന്ദ്ര സർക്കാരിന് വിശദ സത്യവാങ്മൂലം സമർപ്പിക്കാൻ നാലാഴ്ച അനുവദിച്ച ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച് വാദം കേൾക്കുന്നത് ഏപ്രിൽ 13ലേക്ക് മാറ്റുകയും ചെയ്തു.

വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരെ കേസെടുക്കണമെന്ന ജസ്റ്റിസ് മുരളീധറിന്റെ ബുധനാഴ്ചത്തെ ഉത്തരവ് ഇതോടെ അപ്രസക്തമായി. ഉത്തരവിന് പിന്നാലെ ബുധനാഴ്ച അ‌ർദ്ധരാത്രി ജസ്റ്രിസ് മുരളീധറിനെ സ്ഥലംമാറ്റിയത് വിവാദമായിരുന്നു. അതിനിടെയാണ് ഉടൻ കേസ് വേണ്ടെന്ന തീരുമാനവും. ബി.ജെ.പി നേതാക്കളായ കപിൽ മിശ്ര, അനുരാഗ് ഠാക്കൂ‌ർ, അഭയ് വ‌ർമ, പർവേഷ് വർമ എന്നിവർക്കതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകനും എഴുത്തുകാരനുമായ ഹർഷ് മന്ദർ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.

കലാപം കെട്ടടങ്ങാത്തതിനാൽ സാഹചര്യം അനുകൂലമല്ലെന്നും കേസെടുക്കുന്നത് സമാധാനാന്തരീക്ഷത്തെ തകർക്കുമെന്നും ഡൽഹി പൊലീസും സോളിസിറ്റ‌ർ ജനറൽ തുഷാർ മേത്തയും വാദിച്ചത് അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ, ജസ്റ്റിസ് സി. ഹരിശങ്കർ എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്. ജസ്റ്റിസ് എസ്. മുരളീധറിനെ സ്ഥലം മാറ്റിയതോടെയാണ് പുതിയ ബെഞ്ചിൽ കേസ് വന്നത്.

ആളുകൾ ദിവസവും മരിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനാൽ ഹർജികൾ അടിയന്തരമായി കേൾക്കണമെന്നും ഹർഷ് മന്ദറിന് വേണ്ടി ഹാജരായ അഡ്വ. കോളിൻ ഗോൺസാൽവെസ് ആവശ്യപ്പെട്ടു. എന്നാൽ,​ സോളിസിറ്റർ ജനറലിന്റെ അഭ്യർത്ഥന സ്വീകരിച്ച് കേസ് ഏപ്രിൽ 13 ലേക്ക് മാറ്രുകയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തെ കക്ഷി ചേർക്കാൻ കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു.

കൂടുതൽ വഷളാകും: തുഷാർ മേത്ത

നിലവിലെ സാഹചര്യത്തിൽ കേസെടുക്കാൻ സാധിക്കില്ല. കേസെടുക്കുന്നത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കും. മറുപടി സത്യവാംഗ്‌മൂലം നൽകാൻ കൂടുതൽ സമയം വേണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ കക്ഷിചേർക്കണം

ഹർജിക്കാ‌ർക്ക് ഗൂഢ ലക്ഷ്യം : പൊലീസ്

ഹർജിക്കാ‌ർ സമർപ്പിച്ച ദൃശ്യങ്ങൾ ഗൂഢ ഉദ്ദേശ്യത്തോടെയുള്ളതാണ്. രണ്ടോ മൂന്നോ വീഡിയോ ക്ലിപ്പുകൾ മാത്രമാണ് സമർപ്പിച്ചത്. ഒന്നോ രണ്ടോ പേർക്കെതിരെ മാത്രം കേസെടുക്കുക സാദ്ധ്യമല്ല. വിശദമായി അന്വേഷിക്കണം.