delhi-

ന്യൂഡൽഹി: കിഴക്കൻ ഡൽഹി കലാപത്തിൽ മരിച്ചവരുടെ എണ്ണം 37 ആയി. കേന്ദ്രസേനയും ഡൽഹി പൊലീസും ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണ വിധേമാക്കിയതിനാൽ പുതിയ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല. മരിച്ചവരുടെ കുടുംബത്തിന് ഡൽഹി സർക്കാർ പത്തുലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചെലവും വഹിക്കും.

പ്രത്യേക അന്വേഷണ സംഘം

കലാപവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് 48 കേസുകൾ രജിസ്‌റ്റർ ചെയ്‌തു. ഡെപ്യൂട്ടി കമ്മിഷണർമാർ നേതൃത്വം നൽകുന്ന രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് കേസുകൾ കൈമാറും. ആയിരത്തോളം സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും ഡൽഹി പൊലീസ് പറഞ്ഞു. ഇതുവരെ 106 പേരെ അറസ്‌റ്റു ചെയ‌്തു. 50 മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവരിൽ പലരും പ്രദേശ വാസികളാണെന്ന് പൊലീസ് പറയുന്നു. പുറത്തു നിന്നുള്ളവർ അക്രമം നടത്തിയെന്നായിരുന്നു നേരത്തേയുള്ള റിപ്പോർട്ടുകൾ.