delhi-crisis

ന്യൂഡൽഹി: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കേന്ദ്രസർക്കാരും ഡൽഹി സർക്കാരും പരാജയപ്പെട്ട സാഹചര്യത്തിൽ ഭരണഘടനയുടെ സംരക്ഷകനെന്ന നിലയിൽ ഇടപെടണമെന്നും 30ലേറെപ്പേരുടെ മരണത്തിനും 200ലേറെപ്പേർക്ക് പരിക്കേൽക്കാനും കാരണമായ കലാപത്തിന്റെ ഉത്തരവാദിത്വം ചുമത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ പുറത്താക്കാൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെയും മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന്റെയും നേതൃത്വത്തിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് നിവേദനം നൽകി. രാഷ്‌ട്രപതിയെ കാണാൻ കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി തീരുമാനിച്ചിരുന്നു.

. ഡൽഹിയിൽ കൊന്നും കൊലവിളിച്ചും കൊള്ളയടിച്ചും കലാപകാരികൾ വിഹരിച്ചപ്പോൾ കേന്ദ്രസർക്കാരും ആഭ്യന്തര മന്ത്രിയും ഡൽഹി സർക്കാരും കാഴ്‌ചക്കാരെപ്പോലെ നോക്കി നിന്നു. ഇത്രയും പേർ മരിക്കാനും കൂടുതൽ പേർക്ക് പരിക്കുപറ്റാനും കാരണം അതാണ്. കോടിക്കണക്കിന് രൂപയുടെ നാശനഷ്‌ടമാണുണ്ടായത്. കോൺഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, അഹമ്മദ് പട്ടേൽ, പി. ചിദംബരം, കെ.സി.വേണുഗോപാൽ, പ്രിയങ്കാ ഗാന്ധി, ആനന്ദ് ശർമ്മ, രൺദീപ് സുർജെവാല തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

കേന്ദ്രസർക്കാരിന് നീതിപീഠത്തെ ഭയം: കെ.സി. വേണുഗോപാൽ

ഡൽഹിയിൽ കലാപം ആളിപ്പടരാൻ കാരണമായ വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരെ കേസെടുക്കാൻ നിർദേശിച്ച ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റിയ നടപടി സ്വതന്ത്രമായ നീതിപീഠത്തെ മോദിയും അമിത്ഷായും എത്രമാത്രം ഭയപ്പെടുന്നു എന്നതിന്റെ വ്യക്തമായ തെളിവാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. അക്രമത്തിനും കൊള്ളി വയ്പിനും നേതൃത്വം നൽകിയവരും അതിന് ആഹ്വാനം ചെയ്തവരും പിടിയിലായാൽ തങ്ങളുടെ നേർക്കും ചൂണ്ടുവിരലുകൾ ഉയരുമെന്ന ഭയമാണ് അർദ്ധരാത്രി കേസ് പരിഗണിക്കുന്ന ജഡ്ജിയെ തന്നെ മാറ്റാൻ അവരെ പ്രേരിപ്പിച്ചത്. ജനാധിപത്യ വിശ്വാസികളായ ഇന്ത്യക്കാരോടും ജീവിത സമ്പാദ്യങ്ങൾ മുഴുവൻ നഷ്ടമായവരോടുമാണ് ഇത്തരമൊരു നടപടിയിലൂടെ മോദിയും അമിത്ഷായും വെല്ലുവിളി നടത്തുന്നത്. കലാപത്തിന് ഒത്താശ ചെയ്തുകൊടുത്തത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നു ഒളിച്ചോടാൻ കേന്ദ്രസർക്കാരിനും ബി.ജെ.പി ക്കുമാവില്ല. ജസ്റ്റിസ് മുരളീധറിനെ സ്ഥലംമാറ്റിയതിനു പിന്നിൽ യഥാർത്ഥ കലാപകാരികളാണെന്നത് തെളിഞ്ഞു .അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ഈ സംഭവത്തോടെ രാജ്യത്തിന്റെ മുഖം വികൃതമായി. കലാപത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണത്തിന് തടയിടാൻ എത്ര ജഡ്ജിമാരെ കേന്ദ്ര സർക്കാരിന് സ്ഥലം മാറ്റേണ്ടി വരുമെന്നത് കാത്തിരുന്ന് കാണാം. സ്ഥലം മാറ്റങ്ങളെയും ഭീഷണികളെയും ഭയപ്പെടുന്നവരല്ല ഇന്ത്യയിലെ ന്യായാധിപന്മാരെന്നും അദ്ദേഹം പറഞ്ഞു.