rahul-and-soniya

ന്യൂഡൽഹി : വിദ്വേഷ പ്രസംഗം നടത്തിയതിന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളിലെ നേതാക്കൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജികളിൽ കേന്ദ്ര, ഡൽഹി സർക്കാരുകൾക്കും ഡൽഹി പൊലീസിനും ഹൈക്കോടതി നോട്ടീസ് അയച്ചു.

ഡൽഹി കലാപം യു.എ.പി.എ ചുമത്തി അന്വേഷിക്കണമെന്നും എൻ.ഐ.എക്ക് വിടണമെന്നുമുള്ള ഹർജികളിലും നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടു. ഹർജികൾ ഏപ്രിൽ 13ന് വീണ്ടും പരിഗണിക്കും.

ലോയേഴ്‌സ് വോയിസ് സംഘടനയാണ് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആം ആദ്മി പാർട്ടി എം.എൽ.എ അമ്മാനത്തുള്ള ഖാൻ, എ.ഐ.എം.ഐ.എം നേതാവ് അസാദുദ്ദിൻ ഒവൈസി എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടത്. കോൺഗ്രസ് നേതാവ് ശശി തരൂർ, മണിശങ്കർ അയ്യർ, ദിഗ്‌വിജയ് സിംഗ്, സൽമാൻ ഖുർഷിദ്, പൊതുപ്രവർത്തകരായ സ്വരാഭാസ്‌കർ, ടീസ്ത സെതൽവാദ് എന്നിവർക്കെതിരെ എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ടാണ് അജയ് ഗൗതം എന്നയാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.

രാജ്യദ്രോഹത്തിന്റെ ഘടകങ്ങൾ ഉണ്ടെന്നും യു.എ.പി.എ ചുമത്തി കലാപക്കേസുകൾ അന്വേഷിക്കണമെന്നും ഹിന്ദുസേന ആവശ്യപ്പെട്ടു. എല്ലാ ഹർജികളിലും കേന്ദ്രസർക്കാരിനും ഡൽഹി സർക്കാരിനും ഡൽഹി പൊലീസിനും നോട്ടീസ് അയയ്ക്കാൻ ചീഫ് ജസ്റ്റിസ് ഡി. എൻ. പട്ടേൽ അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. വിദ്വേഷ പ്രസംഗങ്ങളിൽ ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന ഹർജികൾ കോടതിയുടെ പരിഗണനയിലാണ്.