delhi-muslim-protest

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രതിഷേധത്തിനിടെ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി. 300ൽ അധികം പേർ ചികിത്സയിലാണ്. കഴിഞ്ഞ 36 മണിക്കൂറിനിടെ വലിയ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സ്ഥിതി മെച്ചപ്പെട്ടതിനാൽ നിയന്ത്രണങ്ങളിൽ ഭാഗികമായ ഇളവ് വരുത്തി.

ഡൽഹി പൊലീസ് കമ്മിഷണറുടെ അധികചുമതല ക്രമസമാധാന ചുമതലയുള്ള സ്പെഷൽ കമ്മിഷണർ എസ്.എൻ. ശ്രീവാസ്തവയ്ക്ക് കേന്ദ്രം കൈമാറി. നാളെ ചുമതലയേൽക്കും. നിലവിലെ കമ്മിഷണർ അമൂല്യ പട്നായിക് ഇന്ന് വിരമിക്കും.

കലാപ ബാധിത മേഖലകളായ മൊജ്പുർ, ജഫ്രാബാദ്, ഗോകുൽപുരി എന്നിവിടങ്ങളിൽ ഡൽഹി ലെഫ്. ഗവർണർ അനിൽ ബൈജാൽ സന്ദർശിച്ച് പ്രദേശവാസികളോട് സംസാരിച്ചു.

ദേശീയ വനിത കമ്മിഷൻ അദ്ധ്യക്ഷ രേഖ ശർമ്മ ജഫ്രാബാദിലെത്തി സ്ത്രീകളുമായി കൂടിക്കാഴ്ച നടത്തി.

കലാപ ബാധിത മേഖലകൾ സന്ദർശിക്കാൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി അഞ്ചംഗ നേതൃസംഘത്തെ തീരുമാനിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്, ഡൽഹിയുടെ ചുമതല വഹിക്കുന്ന ശക്തിസിംഗ് ഗോഹിൽ, ഹരിയാന സംസ്ഥാന അദ്ധ്യക്ഷ കുമാരി ഷെൽജ, മുൻ എം.പി താരിഖ് അൻവർ, മഹിളാകോൺഗ്രസ് സുഷ്‌മിത ദേവ് എന്നിവർ സ്ഥലം സന്ദർശിച്ച് സോണിയ ഗാന്ധിക്ക് വിശദമായ റിപ്പോർട്ട് നൽകും.

കലാപത്തിൽ സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ ഉന്നതതല ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ബി.എസ്.പി അദ്ധ്യക്ഷ മായാവതി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്ത് നൽകി.

ശ്രീവാസ്തവ

1985ലെ അരുണാചൽ ഗോവ മിസോറാം യൂണിയൻ ടെറിട്ടറി കേഡർ ഉദ്യോഗസ്ഥൻ

സി.ആർ.പി.എഫിൽ ഡെപ്യൂട്ടേഷനിലായിരുന്ന ശ്രീവാസ്തവയെ കലാപത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞദിവസം ഡൽഹി പൊലീസിലേക്ക് നിയമിച്ചു.

 ഡൽഹി പൊലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് മുൻ തലവൻ.

ജമ്മു കാശ്മീരിൽ സി.ആർ.പി.എഫ് സ്പെഷ്യൽ ഡി.ജി ആയിരുന്നു.

 വീടുകൾക്ക് 5 ലക്ഷം

അഗ്നിശമന സേനയുടെ കണക്കുകൾ പ്രകാരം കുറഞ്ഞത് 500 വാഹനങ്ങളും 79 വീടുകൾ,52 കടകൾ, മൂന്ന് ഫാക്ടറികൾ, 2 സ്കൂളുകൾ എന്നിവ അഗ്നിക്കിരയായി. ചില ആരാധനാലയങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്. വീട് പൂർണമായും കത്തിനശിച്ചവർക്ക് 5 ലക്ഷവും ഭാഗികമായി നാശനഷ്ടമുണ്ടായവർക്ക് 2.5 ലക്ഷവും ഡൽഹി സർക്കാർ നൽകും.

അടിയന്തര സഹായമായി 25,000 രൂപ നാളെ കൈമാറും.