nirbhayacase-

ന്യൂഡൽഹി: നിർഭയകേസിൽ വധശിക്ഷ നടപ്പാക്കാൻ മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ പ്രതി പവൻകുമാർ ഗുപ്ത സുപ്രീം കോടതിയിൽ തിരുത്തൽ ഹർജി സമർപ്പിച്ചു. വധശിക്ഷ, ജീവപര്യന്തം തടവാക്കി കുറയ്ക്കണമെന്നാണ് പവന്റെ ആവശ്യം. പവൻകുമാറിന് മാത്രമാണ് നിയമപരിഹാര വഴികൾ അവശേഷിക്കുന്നത്. തിരുത്തൽ ഹർജി നൽകിയതോടെ മാർച്ച് മൂന്നിലെ വധശിക്ഷ അനിശ്ചിതത്വത്തിലായി. ഹർജി കോടതി തള്ളിയാലും രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിക്കാൻ സമയം ലഭിക്കും. ഇതോടെ മാർച്ച് മൂന്നിന് നിശ്ചയിച്ചിരിക്കുന്ന വധശിക്ഷ നടപ്പാക്കാനാവില്ലെന്നാണ് സൂചന. വധശിക്ഷ വെവ്വേറെ നടത്തണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യത്തിൽ സുപ്രീം കോടതി തീർപ്പ് കൽപിച്ചിട്ടുമില്ല.

കേസിലെ പ്രതികളായ പവൻ ഗുപ്ത, മുകേഷ് കുമാർ സിംഗ്, വിനയ് കുമാർ ശർമ, അക്ഷയ് എന്നിവരെ മാർച്ച് മൂന്നിന് രാവിലെ ആറുമണിക്ക് വധശിക്ഷയ്ക്ക് വിധേയരാക്കണമെന്ന് ഡൽഹി അഡീഷണൽ സെഷൻസ്‌കോടതി മരണ വാറന്റ് പുറപ്പെടുവിച്ചിരുന്നു. മുകേഷ് കുമാർ സിംഗ്, വിനയ് കുമാർ ശർമ, അക്ഷയ് എന്നിവരുടെ ദയാഹർജി നേരത്തെ രാഷ്ട്രപതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് മുകേഷും വിനയ്‌യും സമർപ്പിച്ച ഹർജിയും സുപ്രീംകോടതിയും തള്ളിയിരുന്നു.