ന്യൂഡൽഹി: കോടതി നടപടികൾ തടസപ്പെടുത്തി അഭിഭാഷകർ നടത്തുന്ന സമരത്തിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. കോടതി ബഹിഷ്‌കരിച്ച് അഭിഭാഷകർ നടത്തുന്ന സമരം നിയമവിരുദ്ധമാണെന്നും
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1) (എ) അനുശാസിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും ജസ്റ്റിസുമാരായ അരുൺ മിശ്ര, എം.ആർ. ഷാ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കഴിഞ്ഞ സെപ്തംബർ 25 ന് കേസ് പരിഗണിച്ച ഉത്തരാഖണ്ഡ് ഹൈക്കോടതി 35 വർഷമായി അഭിഭാഷകർ ശനിയാഴ്ച കോടതികൾ ബഹിഷ്‌കരിക്കുകയാണെന്ന് രേഖപ്പെടുത്തിയിരുന്നു. കോടതി ദിവസങ്ങളിൽ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതിന് അഭിഭാഷകർക്കെതിരെ നടപടിയെടുക്കാനും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
ഇതിനെതിരെ ഡെറാഡൂണിലെ ജില്ലാ ബാർ അസോസിയേഷൻ സമർപ്പിച്ച അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി. സമരങ്ങളുടെ പശ്ചാത്തലത്തിൽ, ബാർ കൗൺസിൽ ഒഫ് ഇന്ത്യയ്ക്കും സംസ്ഥാന ബാർ കൗൺസിലുകൾക്കും തുടർനടപടികൾ നിർദ്ദേശിക്കുന്നതിനും സമരം സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും അഭിഭാഷകരുടെ പ്രവൃത്തികൾ ഒഴിവാക്കുന്നതിനും വ്യക്തമായ നിർദ്ദേശങ്ങൾ നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.
'ഭരണഘടനപ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ മറവിൽ പണിമുടക്കുന്നതും കോടതികളെ ബഹിഷ്‌കരിക്കുന്നതും ന്യായീകരിക്കാനാവില്ല. അത്തരമൊരു അവകാശം, മറ്റുള്ളവരുടെ അവകാശങ്ങളെ ബാധിക്കില്ല, പ്രത്യേകിച്ചും, ഭരണഘടനയുടെ ആർട്ടിക്കിൾ 14, 21 പ്രകാരം ഉറപ്പുനൽകുന്ന സ്പീഡി ജസ്റ്റിസിനുള്ള അവകാശം കോടതി നിരീക്ഷിച്ചു.
എല്ലാ മാസവും 3, 4 ശനിയാഴ്ചകളിൽ അഭിഭാഷകർ ഒരു കാരണം പറഞ്ഞ് പണിമുടക്കുന്നുണ്ടെന്ന ഹൈക്കോടതി നിരീക്ഷണം സുപ്രീംകോടതി ശരിവച്ചു. ഡെറാഡൂൺ ജില്ലയിൽ അഭിഭാഷകർ 455 ദിവസം (പ്രതിവർഷം ശരാശരി 91 ദിവസം) പണിമുടക്കിയിട്ടുണ്ടെന്നും ഹരിദ്വാർ ജില്ലയിൽ 515 ദിവസമാണെന്നും (പ്രതിവർഷം ഏകദേശം 103 ദിവസം) ഹൈക്കോടതി ആശ്രയിച്ചിരിക്കുന്ന കണക്കുകൾ വ്യക്തമാക്കുന്നു. ഇതിനെ 'ഞെട്ടിക്കുന്നത്' എന്നാണ് സുപ്രീം കോടതി വിശേഷിപ്പിച്ചത്.