supremecourt
supremecourt

ന്യൂഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിലുണ്ടായ കലാപം തടയാൻ പൊലീസ് ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്ന് ആരോപിച്ച് നൽകിയ ഹർജി ശബരിമലകേസിലെ വാദം പൂർത്തിയായ ശേഷം പരിഗണിക്കാമെന്ന് സുപ്രീംകോടതി. പ്രശാന്ത്ഭൂഷൻ നൽകിയ ഹർജിയിലാണ് ചീഫ്ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ച് നിലപാടറിയിച്ചത്. പൊലീസിനെ രാഷ്ട്രീയക്കാരുടെ നിയന്ത്രണത്തിൽ നിന്നും മുക്തമാക്കാൻ 2006ലെ പ്രകാശ്‌സിംഗ് കേസിലെ വിധി നടപ്പാക്കാൻ നിർദ്ദേശിക്കണമെന്ന് പ്രശാന്ത്ഭൂഷൺ ആവശ്യപ്പെട്ടു. രാജ്യതലസ്ഥാനത്തെ കലാപം നിയന്ത്രിക്കാനും ജനജീവിതം സംരക്ഷിക്കാനും പൊലീസ് ആവശ്യമായ നടപടികൾ സ്വീകരിക്കാതിരുന്നത് രാഷ്ട്രീയ ഇടപെടലിനെ തുടർന്നാണെന്നും പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാണിച്ചു.

ഡൽഹി പൊലീസിന് പ്രൊഫഷണൽ സമീപനം ഇല്ലാത്തതാണ് സാഹചര്യം വഷളാക്കിയതെന്ന് കഴിഞ്ഞദിവസം ജസ്റ്റിസ് കെ എം ജോസഫ് വാക്കാൽ പറഞ്ഞിരുന്നു.

ശബരിമലകേസിൽ ഉൾപ്പെടെ മതവിശ്വാസവുമായി ബന്ധപ്പെട്ട് ഉയർന്ന ഭരണഘടനാപ്രശ്നങ്ങൾ പരിഗണിക്കുന്ന സുപ്രീംകോടതി വിശാലബെഞ്ച് മാർച്ച് 16 മുതലാണ് വാദം ആരംഭിക്കുന്നത്.