savithri

ന്യൂഡൽഹി: രൂക്ഷമായ കലാപം അരങ്ങേറിയ വടക്ക് കിഴക്കൻ ഡൽഹിയിലെ ചാന്ദ്ബാഗിൽ നിന്ന് ശുഭ വാർത്ത. കലാപം കാരണം മുടങ്ങിയ ഹിന്ദു പെൺകുട്ടിയുടെ വിവാഹം മതവ്യത്യാസമില്ലാതെ പ്രദേശവാസികൾ ഒറ്റക്കെട്ടായി നടത്തി. ചാന്ദ്ബാഗിലെ മുസ്‌ലിം ഭൂരിപക്ഷമേഖലയിലാണ് 23കാരിയായ സാവിത്രി പ്രസാദിന്റെ വിവാഹം നടന്നത്. ചൊവ്വാഴ്ച നിശ്ചയിച്ചിരുന്ന വിവാഹത്തിന് ഒരുക്കങ്ങളെല്ലാം പൂർത്തിയായെങ്കിലും കലാപം പൊട്ടിപ്പുറപ്പെട്ടതോടെ എല്ലാം തകിടംമറിഞ്ഞു. വരനും സംഘവും ആക്രമിക്കപ്പെടുമെന്നതിനാൽ മാറ്റിവച്ചു. സംഘർഷങ്ങൾ ഒതുങ്ങിയതോടെയാണ് കുടുംബം വിവാഹം നടത്താൻ തീരുമാനിച്ചത്. തുടർന്ന് അയൽവാസി ആമിർ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘം സാവിത്രിയുടെ വീടിന് കാവൽ നിന്നു. വരനും സംഘവും സുരക്ഷിതരായി എത്തി. ഹിന്ദുമത ആചാരപ്രകാരം തന്നെ വിവാഹം നടന്നു. ചടങ്ങിനുശേഷവും വധു വരന്മാർക്കും സംഘത്തിനും പ്രദേശവാസികൾ സുരക്ഷയൊരുക്കി. എല്ലാവരും സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് സാവിത്രിയുടെ അച്ഛൻ ഭോദയ് പ്രസാദ് പറഞ്ഞു. മുസ്ലിങ്ങൾക്കൊപ്പം ഒരുമയോടെ വർഷങ്ങളായി ഇവിടെ താമസിക്കുന്നു. ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിൽ ശത്രുതയില്ലെന്നും ഭോദയ് പറഞ്ഞു.