faisan

ന്യൂഡൽഹി :വടക്കുകിഴക്കൻ ഡൽഹിയിൽ കലാപത്തിനിടെ പരിക്കേറ്റ് നിലത്ത് കിടക്കുന്ന യുവാക്കളോട് ദേശീയഗാനം ആലപിക്കാൻ ആക്രോശിച്ച പൊലീസുകാരുടെ നടപടി വിവാദമായിരിക്കെ, പാട്ടുപാടിയവരിൽ ഒരാൾ മരിച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ കർദാംപുരി നിവാസിയായ ഫൈസാനാണ് (23) വ്യാഴാഴ്ച മരിച്ചത്. കലാപം രൂക്ഷമായ ഫെബ്രുവരി 24നാണ് വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത്.

പരിക്കേറ്റു നിലത്തുകിടന്ന അഞ്ചുപേരെ സംഘർഷത്തിനിടയിൽ പൊലീസ് ലാത്തി ചൂണ്ടി ദേശീയ ഗാനം പാടിപ്പിക്കുന്ന വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

കലാപ ദിവസങ്ങളിൽ പുറത്തുവന്ന ഈ വീഡിയോ വ്യാജമാണെന്നായിരുന്നു ഡൽഹി പൊലീസിന്റെ വാദം. എന്നാൽ വീഡിയോ വ്യാജമല്ലെന്നാണ് ഫാക്ട് ചെക്കിംഗ് വെബ്‌സൈറ്റായ ആൾട്ട് ന്യൂസ് പറയുന്നത്.

ഫൈസൻ അടക്കമുള്ള യുവാക്കളെ പൊലീസ് കസ്റ്റഡയിലെടുത്ത് മർദിക്കുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു

‘ഇരുമ്പ് വടി കൊണ്ടാണ് അവനെ അടിച്ചത്. ശരീരത്തിലെങ്ങും പരിക്കുകളുണ്ടായിരുന്നു. അടികൊണ്ട് ഫൈസാന്റെ കാൽ പൊട്ടി, അവന്റെ ശരീരത്ത് രക്തം കട്ടപിടിച്ച് കിടന്നിരുന്നെന്നും ' ഫൈസാന്റെ അമ്മ പറയുന്നു.

...........................................................

'ഫൈസാൻ പൊലീസ് കസ്റ്റഡിയിലാണെന്ന് അറിഞ്ഞ് സ്റ്റേഷനിൽ പോയെങ്കിലും

പ്രതിഷേധമുണ്ടാക്കിയതിനാൽ വിട്ടയയ്ക്കാൻ കഴിയില്ലെന്നാണ് പൊലീസ് അറിയിച്ചത്. രാത്രി ഒരു മണി വരെ പൊലീസ് സ്‌റ്റേഷനിൽ കാത്തിരുന്നു. പിറ്റേന്ന് രാവിലെ ഞാൻ തിരിച്ചുവന്നു. എന്നാൽ 11 മണിയോടെ അവർ വിളിച്ചു, അപ്പോഴേക്കും അവന്റെ നില ഗുരുതരമായി. പിന്നീടാണ് അവനെ ആശുപത്രിയിലേക്ക് മാറ്റിയത്.

-ഫൈസാന്റെ അമ്മ