ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷയ്ക്ക് ഏതാനും ദിവസം മാത്രം ബാക്കി നിൽക്കെ അവസാന പോരാട്ടത്തിനൊരുങ്ങി പ്രതികൾ. തന്റെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി പവൻ ഗുപ്ത സുപ്രീം കോടതിയിൽ തിരുത്തൽ ഹർജി നൽകിയിട്ടുണ്ട്. ഇത് മാർച്ച് 2ന് ജസ്റ്റിസ് എൻ.വി. രമണ, അരുൺ മിശ്ര, റോഹിൻടൺ എഫ്.നരിമാൻ, ആർ. ഭാനുമതി, അശോക് ഭൂഷൺ എന്നിവരുൾപ്പെട്ട ബെഞ്ച് ചേംബറിലാകും ഹർജി പരിഗണിക്കുക. തിരുത്തൽ ഹർജി കോടതി തള്ളിയാൽ തന്നെ ദയാഹർജിയുമായി മുന്നോട്ടുപോകാൻ പവൻ ഗുപ്തയ്ക്ക് അവകാശമുണ്ട്. അങ്ങനെയാണെങ്കിൽ അന്നുതന്നെ പവൻഗുപ്ത രാഷ്ട്രപതിക്ക് ദയാഹർജി നൽകിയേക്കാം. അക്കാര്യത്തിൽ ദ്രുതഗതിയിൽ തീരുമാനമെടുത്താൽ പോലും വീണ്ടും 14 ദിവസം കഴിഞ്ഞേ വധശിക്ഷ നടപ്പാക്കാനാകൂ.
വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പവൻ ഗുപ്തയും അക്ഷയ് സിംഗും ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. രണ്ടിന് മുൻപ് വിശദീകരണം ആവശ്യപ്പെട്ട് അഡി. സെഷൻസ് ജഡ്ജി ധർമേന്ദ്ര രാജ തിഹാർ ജയിൽ അധികൃതർക്ക് നോട്ടീസ് അയച്ചു. ഇതിനിടെ മറ്റൊരു പ്രതിയായ അക്ഷയ് ഠാക്കൂർ വീണ്ടും രാഷ്ട്രപതിക്ക് ദയാഹർജിക്കായി അപേക്ഷ സമർപ്പിച്ചു. ആദ്യം രാഷ്ട്രപതിക്ക് സമർപ്പിക്കുകയും ശേഷം തള്ളുകയും ചെയ്ത ദയാഹർജിയിൽ തെറ്റുണ്ടായിരുന്നുവെന്നാണ് അക്ഷയ് ഠാക്കൂർ ആരോപിക്കുന്നത്. പ്രതികളുടെ വധശിക്ഷ ഒന്നിച്ച് നടപ്പാക്കേണ്ടതിനാൽ മാർച്ച് 20 ലേക്ക് വധശിക്ഷ നീണ്ടുപോകാനുള്ള സാഹചര്യമാണ് നിലവിലുള്ളത്.
മാർച്ച് മൂന്നിനാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനായി ഡൽഹി പട്യാല കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
മനുഷ്യാവകാശ കമ്മിഷൻ ഇടപെടണമെന്ന് ഹർജി
പ്രതികൾ ജയിലിനുള്ളിൽ മാനസിക പീഡനങ്ങൾക്ക് ഇരയാകുന്നുവെന്ന ആരോപണങ്ങൾ ദേശീയ മനുഷ്യാവകാശ കമ്മിഷനെകൊണ്ട് പരിശോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് എ. രാജരാജൻ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകി. വിദഗ്ദ്ധ ഡോക്ടർമാരുടെ സഹായത്തോടെ നാല് പ്രതികളുടെയും ശാരീരിക മാനസിക ആരോഗ്യം ഉറപ്പുവരുത്തണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. വധശിക്ഷയ്ക്ക് മുമ്പ് കൈക്കൊള്ളേണ്ട നടപടിക്രമങ്ങളിലും ജയിൽ അധികൃതർ വീഴ്ച വരുത്തിയതായി ഹർജിക്കാരൻ ആരോപിക്കുന്നു. മനുഷ്യാവകാശ ലംഘനമാണ് പ്രതികൾക്ക് നേരിടേണ്ടി വന്നതെന്നും ഹർജിയിൽ പറയുന്നു.