കൊച്ചി: വേനൽച്ചൂടിലും സഞ്ചാരികളുടെ മനം കവരുന്ന കൊച്ചിയുടെ സ്വന്തം മട്ടാഞ്ചേരിയിലേയ്ക്കും ഫോർട്ട്കൊച്ചിയിലേയ്ക്കും സഞ്ചാരികളുടെ പ്രവാഹം. മെട്രോ റെയിലും മാളുകളും സഞ്ചാരികളുടെ യത്രാലക്ഷ്യങ്ങൾ മാറ്റിമറിച്ചെങ്കിലും പഴമയുടെ പൈതൃകം പേറുന്ന മട്ടാഞ്ചേരയും കടൽ തീരത്തിന്റെ കുളിർമ്മ പകരുന്ന ഫോർട്ടുകൊച്ചിയും ഇന്നും പ്രിയങ്കരം.

വിദേശികൾക്ക് വൈകാരികബന്ധമുള്ള ഇവിടേയ്ക്ക് വടക്കേയിന്ത്യക്കാരും മലയാളികളും ധാരാളമായി എത്തുന്നുണ്ട്. ജൈവവൈവിദ്ധ്യവും പ്രകൃതിസൗന്ദര്യവും കൊണ്ട് സഞ്ചാരികളെ ആകർഷിക്കുകയാണ് രണ്ടു ടൂറിസ്റ്റ് കേന്ദ്രങ്ങളും.

മട്ടാഞ്ചേരിയിലെ ജൂതത്തെരുവുകൾ

കേരളത്തിന്റെ ഹൃദ്യതയിയിലേയ്ക്ക് ചേക്കേറിയ ജൂതരുടെ സങ്കേതമായ മട്ടാഞ്ചേരി. പൊള്ളുന്ന വെയിലിലും വിനോദസഞ്ചാരികൾക്ക് പ്രിയമേറ്റുകയാണ്. സുഭാഷ് പാർക്കിനടുത്ത് നിന്ന് ബോട്ട് സർവീസിൽ എത്തിച്ചേരാം. ബസുകളും നിരവധിയുണ്ട്. എവിടെ നോക്കിയാലും ഡച്ച് നിർമ്മിതവും പുരാതനവുമായ കെട്ടിടങ്ങളും തെരുവുകളുമാണ് ആകർഷണം.

കൊച്ചി രാജാക്കന്മാരുടെ വാസസ്ഥലമായിരുന്നു മട്ടാഞ്ചേരി പാലസ് . പോർച്ചുഗീസുകാർ നിർമിച്ച് കൊച്ചി രാജാവായിരുന്ന കേരളവർമയ്ക്ക് സമ്മാനിച്ചതാണിത്. 1663 ൽ കൊട്ടാരം പുതുക്കി പണിതതോടെ ഡച്ച് പാലസ് എന്ന പേരിലാണ് ഇത് അറിയപ്പെട്ടത്. കൊച്ചിയുടെ നാൾവഴിയിലെ രാജഭരണത്തിന്റെയും ഓർമകളുണർത്തുന്ന ഛായാചിത്രങ്ങളും ആഗോള തലത്തിൽ ആരാധകരുള്ള കോമൺവെൽത്ത് രാജ്യങ്ങളിൽ ഏറ്റവും പഴക്കമുള്ള സിനഗോഗ് സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. 1568 ൽ കൊച്ചിയിലെത്തിയ മലബാർ യഹൂദരാണ് ഈ സിനഗോഗ് നിർമ്മിച്ചത്.

കൊട്ടാരത്തിനും അമ്പലത്തിനുമിടയിലാണ് സിനഗോഗിന്റെ സ്ഥാനം. പഴയന്നൂർ ക്ഷേത്രം, ഡച്ച് കൊട്ടാരം, ജൂതത്തെരുവ്, ഡച്ച് സെമിത്തേരി എന്നിവയെല്ലാം സഞ്ചാരികൾക്ക് പ്രിയങ്കരമാണ്. ഹൈന്ദവ ആരാധനാലയങ്ങളിൽ കാണുന്ന ഒട്ടേറെ ചിത്രപ്പണികൾ ഡച്ച് കൊട്ടാരത്തിലുണ്ട്.

സായാഹ്നങ്ങൾ സമ്പന്നമാക്കി ഫോർട്ട്കൊച്ചി

വൈകുന്നരേങ്ങളുടെ ലഹരിയാണ് സഞ്ചാരികൾക്ക് ഫോർട്ടുകൊച്ചി. അസ്തമയം കാണാൻ ദിവസവും എത്തുന്നത് ആയിരങ്ങൾ. കൊച്ചി കാണാനെത്തുന്ന സഞ്ചാരികളുടെ സംഘങ്ങളുടെ വൈകിട്ടത്തെ പ്രിയപ്പെട്ട സ്ഥലം ഇപ്പോഴും ഫോർട്ട് കൊച്ചി തന്നെ.

കടലിന് അഭിമുഖമായ കോട്ട പണികഴിപ്പിച്ചതോടെയാണ് പഴയ കൊച്ചി ഫോർട്ട് കൊച്ചിയായത്. ലൈറ്റ് ഹൗസും കെട്ടിടങ്ങളുംകൊട്ട് പ്രൗഢമാണ് ഈ കടൽത്തീരം. എറണാകുളം നഗരത്തിന്റെ കാഴ്ചകൾ പൂർണമാക്കുന്നത് ഫോർട്ട്കൊച്ചിയാണ്. നഗര കേന്ദ്രത്തിൽ നിന്നും 12 കിലോമീറ്റർ മാത്രം ദൂരം.

കേരളത്തിലെ ആദ്യത്തെ യുറോപ്യൻ ടൗൺഷിപ്പാണ് ഫോർട്ട് കൊച്ചി . ഒട്ടേറെ വശ്യതകൾ ഇവിടെയുണ്ട്. സാന്റാസ് ക്രൂസ് ബസിലിക്കയും , പോർച്ചുഗീസ് നാവികനായ വാസ്കോ ഡ ഗാമയെ ആദ്യം അടക്കം ചെയ്ത സെന്റ് ഫ്രാൻസിസ് പള്ളിയും വേനൽ ചൂടിലും മനസ്സിനെ കുളിരണിയിക്കും. പരമ്പരാഗത ചീനവലകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനവും ഫോർട്ട് കൊച്ചിയുടെ ആകർഷണമാണ്.

.