kseb
കോലഞ്ചേരി - പാലയ്ക്കാമറ്റം റോഡിൽ അപകടകെണിയൊരുക്കി നിൽക്കുന്ന ഇലട്രിക് പോസ്റ്റ്

കൊച്ചി: റോഡുകളിൽ അപകടക്കെണിയൊരുക്കി പലയിടങ്ങളിലും വൈദ്യുതി തൂണുകൾ. റോ‌ഡുവികസനത്തോടൊപ്പം മിക്കയിടങ്ങളിലും വെെദ്യുത പോസ്റ്റുകൾ റോഡരികിലേക്ക് മാറ്റിയെങ്കിലും വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയും നടപടി ക്രമങ്ങളിലെ സങ്കീർണതയും കാരണം ഒട്ടേറെയിടങ്ങളിൽ അപകടം വിതയ്ക്കുന്ന പോസ്റ്റുകൾ അപകടകെണിയൊരുക്കുന്നു.

കോടികൾ റോഡു വികസനത്തിന് ചെലവഴിക്കുമ്പോൾ നടപ്പാക്കിയ റോഡ് വികസനത്തിന്റെ ഗുണഫലം അനുഭവിക്കാനാകാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന് വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കുന്ന നടപടി വൈകുന്നതാണ്. ദേശീയപാത ഉൾപ്പെടെയുള്ള റോഡുകളിൽപ്പോലും വൈദ്യുതി പോസ്റ്റുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് കൃത്യമായ ചട്ടം ഇപ്പോഴുമില്ലെന്നാണ് വസ്തുത.

ഇലക്ട്രിസിറ്റി സേഫ്റ്റി റഗുലേഷനിൽ വെെദ്യുത പോസ്റ്റുകളുടെ സുരക്ഷയുടെ കാര്യത്തിൽ കൃത്യമായ മാനദണ്ഡമില്ല. റോഡിൽനിന്ന് ലൈനിലേക്കുള്ള അകലം, ബിൽഡിംഗിൽ നിന്ന് ലൈനിലേക്കുള്ള അകലം എന്നിവ സംബന്ധിച്ച് മാത്രമാണ് പരാമർശം. റോഡ് വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തികളിൽ തീർപ്പാക്കാൻ പൊതുമരാമത്ത് വൈദ്യുതി, വനംവകുപ്പുകൾ ചേർന്ന് ഏകജാലകം പോലുള്ള സംവിധാനം ഉണ്ടാക്കുകയാണ് ഫലപ്രദമായ മാർഗം. ഇത്തരം സംവിധാനം വേണമെന്ന ആവശ്യം കാലങ്ങളായി ഉയർന്നിട്ടും ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്. വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ഇതിൽ മുഖ്യം. പൊതുമരാമത്ത് വകുപ്പിലെയും കെ.എസ്.ഇ.ബിയിലെയും വനംവകുപ്പിലെയും ഉദ്യോഗസ്ഥർ തന്നെ ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്.

പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചാൽ

അപകടങ്ങൾ തടയാം

അടുത്തിടെ വികസനം പൂർത്തിയായ റോഡുകളിലും പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ഗതാഗതകുരുക്ക് മാത്രമല്ല വൻ അപകട സാധ്യതകളും ഇതുണ്ടാക്കും. വൈദ്യുതിത്തൂണുകളിൽ വാഹനമിടിച്ച് ഉണ്ടായിട്ടുള്ള അപകടങ്ങൾ നിരവധിയാണ്.

ഇലക്ട്രിക് ലൈനുകളും പോസ്റ്റുകളും മാറ്റേണ്ട വികസന പ്രവർത്തനങ്ങളിൽ ബന്ധപ്പെട്ട വകുപ്പ് അതിനാവശ്യമായി വരുന്ന ചെലവ് മുൻകൂറായി കെ.എസ്.ഇ.ബിക്ക് അടയ്ക്കണം എന്നാൽ പലപ്പോഴും പണം അടവ് കൃത്യസമയത്ത് ഉണ്ടാവില്ല. ഇത് കാരണം പലപ്പോഴും പോസ്റ്റുകൾ മാറ്റാനും കഴിയില്ല. മറ്റ് കാരണങ്ങളാലും പ്രവൃത്തി വൈകുന്ന അവസ്ഥയുമുണ്ട്.

റോഡുകൾ വികസിപ്പിക്കുമ്പോഴാണ് പ്രശ്നം

വളരെ ചുരുക്കം ഇടങ്ങളിലെ ഇത്തരം പ്രശ്നമുള്ളൂ. റോഡുകൾ വികസിപ്പിക്കുമ്പോഴാണ് പ്രശ്നം. എന്നാൽ ബന്ധപ്പെട്ട പി.ഡബ്ല്യു.ഡിയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ പോസ്റ്റുകൾ മാറ്റുന്നതിന് ആവശ്യമായ തുക അടച്ചാൽ കെ.എസ്.ഇ.ബി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കും. ഇതിനാവശ്യമായ തുകയുടെ എസ്റ്റിമേറ്റ് അതാത് സ്ഥാപനങ്ങൾക്കു നൽകും. സ്വന്തം നിലയ്ക്ക് കെ.എസ്.ഇ.ബിയ്ക്ക് പോസ്റ്റുകൾ മാറ്റിയിടാനുള്ള ചിലവ് വഹിക്കാൻ കഴിയില്ല.

ജോർജ് വി ജംയിസ് , കെ.എസ്.ഇ.ബി ഡപ്യൂട്ടി ചീഫ് എൻജിനീയർ