വിയർപ്പുമണമുള്ള
തോട്ടങ്ങൾ പരമ്പര - 1
സീതമ്മയുടെ ഒരു ദിനം ആരംഭിക്കുന്നത് പുലർച്ചെ നാലിനാണ്. പുറത്ത് വെട്ടം വീണിട്ടില്ല. മഞ്ഞാണെങ്കിൽ മഴപോലെ. തീ ഊതിക്കത്തിച്ച് കാപ്പിയും ചോറുമായി തേയിലമല കയറും. കാലിൽ തഴമ്പ് മാത്രമല്ല, പാമ്പും അട്ടയും തേളുമൊക്കെ പലതവണ കടിച്ചതിന്റെ പാടുകളുണ്ട്.
സീതമ്മയെ ചായ മണക്കുന്നു എന്ന് പറഞ്ഞപ്പോൾ, അത് ചായയല്ല, വിയർപ്പുമണം താൻ എന്ന് സീതമ്മ. മലകയറി കാഴ്ചകൾ കാണാൻ വരുന്നവർക്ക് ഞങ്ങളെ ചായ മണക്കും. തേയിലക്കൊളുന്ത് മണക്കും. പക്ഷേ, ഞങ്ങൾക്ക് കഞ്ഞിയുടെ മണമാണ് ഇഷ്ടം. അതിനു വേണ്ടിയാണല്ലോ ഇക്കണ്ട മലയൊക്കെ കയറിയിറങ്ങുന്നത് ( 'പേരൊന്നും പറയല്ലേ കുഞ്ഞേ.... പണിപോവും. "ഇടയ്ക്കിടെ അവർ കൈയിൽ കടന്നുപിടിച്ച് ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു ) പണിപോവും എന്ന് അവർ പറയുന്നത് വെറുതെയല്ല. പണി പോവുകതന്നെ ചെയ്യും. കാരണം, ഐതിഹാസിക സമരമെന്നും മുല്ലപ്പൂ വിപ്ലവവുമെന്നും ഒക്കെ വാഴ്ത്തിപ്പാടിയ ഒരു സമരകാലത്ത് മൂന്നാറിലെ തേയിലത്തോട്ടം തൊഴിലാളികളുടെ അടുക്കളകളിൽ ദിവസങ്ങളോളമാണ് അടുപ്പാറി കിടന്നത്. അതുകൊണ്ട് തന്നെ, പേരിനെക്കാൾ വലുതാണ് വിശപ്പെന്ന് മലകയറിവരുന്നവരോടും അവർ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കും.
മലകയറി വരുന്നവർക്ക് ഇടുക്കി ജില്ലയിൽ അങ്ങേയറ്റത്ത് ദേവികുളം താലൂക്കിൽ തണുപ്പിന്റെ കമ്പിളി പുതച്ച് കിടക്കുന്ന മൂന്നാർ എക്കാലവും വലിയൊരു കാഴ്ചയാണ്. എന്നാൽ, അവിടെയൊരു ജനത വിദ്യാഭ്യാസവും നല്ല ആരോഗ്യസാമ്പത്തിക സാമൂഹിക സാഹചര്യങ്ങളുമില്ലാതെ ജീവിക്കുന്നുവെന്നതും അവരുടെ തലമുറകൾ തേയിലത്തോട്ടങ്ങളിലെയും ഫാക്ടറികളിലെയും അടിമകളായി വളരുന്നുവെന്നതും കാലമറിയേണ്ടതാണ്.
മൺറോയുടെ വരവ്
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകം. കൃത്യമായി പറഞ്ഞാൽ, 1877 ജൂലായ് 11. അന്നാണ് ബ്രിട്ടീഷുകാരനായ ജോൺ ഡാനിയേൽ മൺറോ പൂഞ്ഞാർ രാജാവിൽനിന്ന് ഹൈറേഞ്ചിൽ കൃഷിയിറക്കാൻ അവകാശം വാങ്ങുന്നത്. ബ്രിട്ടീഷുകാരായ തോട്ടം ഉടമകൾ തെക്കൻ തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽനിന്ന് ജോടിക്ക് വിലപറഞ്ഞ് അടിമകളായി തൊഴിലാളികളെ കൊണ്ടുവന്നു. ഇവരെ കുതിരപ്പന്തിപോലെ നിരനിരയായി ലയങ്ങളിൽ കയറ്റി കുടിപാർപ്പിച്ച് പണിയെടുപ്പിച്ച് അവിടെ വൻകിട തോട്ടങ്ങൾ നിർമ്മിച്ചു. ബ്രിട്ടീഷുകാർ രാജ്യംവിട്ടപ്പോൾ നോട്ടക്കാരായിരുന്നവർ ഉടമകളായി. കാലക്രമേണ മൂന്നാറിലെ മലയാളികളും തൊഴിലാളികളായി. അവിടെ പുതിയ തലമുറകൾ പിറക്കുകയും വളരുകയും പിളരുകയും ചെയ്തു. അങ്ങനെ പുതിയ ഉടമകളും അടിമകളും മൂന്നാറിന്റെ മലമടക്കുകളിൽ പിറന്നു. പക്ഷേ, നൂറ്റാണ്ട് കഴിഞ്ഞിട്ടും അടിമകൾ അടിമകളായും ഉടമകൾ ഉടമകളായുംതുടർന്നു പോന്നു.
എസി ബംഗ്ലാ ഉങ്കളുക്ക്
എസി ബംഗ്ലാ ഉങ്കളുക്ക്, പൊട്ടലയങ്ങൾ നാങ്കൾക്ക്. 2015 ൽ മൂന്നാറിനെ മാത്രമല്ല, കേരളത്തെയാകെ വിറപ്പിച്ച്, രാഷ്ട്രീയ, ട്രേഡ് യൂണിയൻ സംഘടനകളെയാകെ നോക്കുകുത്തികളാക്കി തേയിലത്തോട്ടങ്ങളിലെ സ്ത്രീത്തൊഴിലാളികൾ മുന്നിൽനിന്ന് നയിച്ച സമരത്തിൽ ഉയർന്നുകേട്ട പ്രതിഷേധ സ്വരമായിരുന്നു ഇത്. ഒറ്റമുറി ലയത്തിൽ കാലങ്ങളായി ഉറങ്ങിയുണർന്നിരുന്നവരുടെ ശബ്ദം.251 ൽനിന്ന് ദിവസക്കൂലി 500 ലേക്ക് എത്തിക്കണമെന്നാവശ്യപ്പെട്ട് നടന്ന ആ സമരത്തെയാണ് നമ്മൾ പൊമ്പിളൈ ഒരുമ എന്നും മൂന്നാറിലെ മുല്ലപ്പൂ വിപ്ലവവുമെന്നൊക്കെ പേരിട്ടുവിളിച്ചത്. ഒടുവിൽ നിലനിൽപ്പിനുവേണ്ടി, മുതലാളിമാർ കൂലി കൂട്ടാമെന്നേറ്റു. എന്നാൽ 500 എന്ന മാന്ത്രികസംഖ്യയിൽ അതെത്തിയില്ല. പകരം, 300 ൽ തട്ടിനിന്നു. ആ തുക 300 ആയിത്തന്നെ തുടരുകയാണ്. മാത്രമല്ല, സമരകാലത്തിനപ്പുറമുണ്ടായിരുന്ന അതേ ജീവിതസാഹചര്യങ്ങളിൽത്തന്നെ വീണ്ടും തുടരുന്നവരാണ് ഏറെയും. കണ്ണീരുപ്പ് കലർത്തി കുഴച്ചുണ്ടാക്കിയ മണ്ണിൽ ഒരു ജനത വീണ്ടും തോറ്റു.
നേതാക്കൾ ഇല്ലാത്ത സമരം
കമ്പനിയുടെ പതിനായിരത്തിലധികം വരുന്ന തൊഴിലാളികളിൽ ഭൂരിഭാഗവും സ്ത്രീകൾ. ഏറെയും തമിഴ് സംസാരിക്കുന്ന ദളിതർ. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തവർ. മഴയത്തും വെയിലത്തും ജോലി....കുറഞ്ഞ കൂലി. കടക്കെണി. അങ്ങനെ യാതനകൾ താങ്ങാനാവാതെ വന്നപ്പോഴാണ് നാല് വർഷം മുമ്പ് അവർ സമരത്തിനിറങ്ങിയത്.
പല പല എസ്റേറ്റുകളിൽ നിന്ന് തുള്ളികളായി ഒഴുകിയെത്തിയ ആ സ്ത്രീകൾ മൂന്നാർ ടൗണിൽ ഒരു കടലാവുകയായിരുന്നു. വേദനകൾ തന്നെയായിരുന്നു മുദ്രാവാക്യങ്ങളായി പിറന്നതും. പിൻബലമായി രാഷ്ട്രീയസിദ്ധാന്തങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതിനു മുമ്പ് അവരൊക്കയും സി.പി.ഐയുടെയും സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും നേതൃത്വത്തിലുള്ള തൊഴിലാളി യൂണിയനുകളിൽ അംഗങ്ങളായിരുന്നു. അതുകൊണ്ടുതന്നെ അവരുടെ ദേഷ്യം കൂടുതലും യൂണിയനുകളോടായിരുന്നു; യൂണിയൻ നേതാക്കളോടായിരുന്നു.
നാളെ : കണ്ണീരാൽ നനയുന്ന ചെടി