വിയർപ്പുമണമുള്ള തോട്ടങ്ങൾ ഭാഗം -2
വെള്ളക്കാരന്റേതായിരുന്നപ്പോഴും തദ്ദേശീയരായ ഉടമകളുടെ കൈയിലായിരുന്നപ്പോഴും ഇവിടത്തെ തേയിലച്ചെടികൾ എന്നും കുടിച്ചുവളർന്നത് തൊഴിലാളികളുടെ കണ്ണീരായിരുന്നു. ദേവികുളം, മൂന്നാർ പഞ്ചായത്തുകൾ മുഴുവനായും പള്ളിവാസൽ, ചിന്നക്കനാൽ പഞ്ചായത്തുകൾ ഭാഗികമായും തോട്ടങ്ങളും തോട്ടം തൊഴിലാളികളുമാണ്.
ഒരു ദിവസം 300 രൂപ കൂലികിട്ടണമെങ്കിൽ ഒരു സ്ത്രീ തൊഴിലാളി മുതുകിൽ തൂക്കിയിരിക്കുന്ന ചാക്കിലേക്ക് 27 കിലോ കൊളുന്ത് നുള്ളിയിടണം . കൂടുതൽ നുള്ളിയാൽ കിട്ടുന്നത് ഒരു കിലോയ്ക്ക് 90 പൈസ വീതം. പത്തു കിലോ നുള്ളിയാൽ ഒൻപത് രൂപ കിട്ടും തൊഴിലാളിക്ക് മാത്രമേ ഈ ദുര്യോഗം ഉള്ളൂ. പക്ഷേ കണ്ടു നിൽക്കുന്ന കങ്കാണിക്ക് ചിലപ്പോൾ 4000 രൂപവരെ ഇൻസന്റീവ് കിട്ടും. മാനേജർമാർക്ക് വേറെ. സീസൺകാലത്ത് ഒരുദിവസം 100 കിലോയോളം തേയില നുള്ളുന്നവരാണ് ഏറെയും. എന്നിട്ടും തോട്ടംതൊഴിലാളികൾക്ക് പറയാൻ നഷ്ടമാണെന്ന കണക്കുകൾ മാത്രമാണ് ഉള്ളത്.
ആഗോള വിപണിയിൽ തേയില വ്യവസായം പ്രതിസന്ധിയെ നേരിട്ടപ്പോൾ കൊണ്ടുവന്ന പരിഷ്കാരങ്ങളിലൊന്നാണ് കൈയ്ക്കു പകരം കത്രിക ഉപയോഗിച്ച് കൊളുന്ത് എടുക്കുന്നത്. ഓരോ തൊഴിലാളിക്കും കൂടുതൽ ശാരീരികാദ്ധ്വാനം വേണ്ടി വരുന്ന പരിഷ്കാരം. ഒപ്പം മറ്റൊന്നു കൂടി ചെയ്തു. അന്നുവരെ ഒരു സ്ത്രീ തൊഴിലാളിയുടെ കുടുംബത്തിനു വരെ അനുവദിച്ചിരുന്ന ചികിത്സാ സഹായം നിറുത്തലാക്കി. വലിയ രോഗങ്ങളാണെങ്കിൽ കോട്ടയം മെഡിക്കൽ കോളേജിലേക്കോ തമിഴ്നാട്ടിലെ ഏതെങ്കിലും ആശുപത്രികളിലേക്കോ അയയ്ക്കുന്നതിൽ ഒതുങ്ങി കമ്പനിയുടെ ഉത്തരവാദിത്വം.
മഴയും മഞ്ഞും കഞ്ഞിയും
രാവിലെ ആറുമുതൽ വൈകിട്ട് ആറ് വരെ തുടർച്ചായ 12 മണിക്കൂർ തേയിലത്തോട്ടങ്ങൾക്കിടയിൽ കയറിയിറങ്ങണം. അതിനിടയിൽ ഭക്ഷണം കഴിക്കാൻ അരമണിക്കൂർ കിട്ടും. ''മഴയായാലും വെയിലായാലും ആ അരമണിക്കൂറിനുള്ളിൽ ''കഴിച്ചെന്ന് വരുത്തി" വീണ്ടും പണിതുടങ്ങണം. മഴനനയാതെ ആഹാരം കഴിക്കാൻ ഒരു ടാർപോളിൻ ഷീറ്റ് എങ്കിലും കെട്ടിത്തരാൻ പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്. നടന്നിട്ടില്ല. സമരം കഴിഞ്ഞതിൽപ്പിന്നെ, അതിൽ പങ്കെടുത്ത ഞങ്ങളിൽ പലരെയും ശത്രുതയോടെയാണ് കാണുന്നത്. കങ്കാണികളും മാനേജർമാരുമൊക്കെ വെറെ കെട്ടിടത്തിലിരുന്നായിരിക്കും കഴിക്കുന്നത്. ഞങ്ങളിങ്ങനെ എന്നും മഴയും മഞ്ഞും കൂട്ടിക്കുഴച്ചാണ് കഞ്ഞി കുടിക്കുന്നത്. "- ദേവികുളം സ്വദേശി രാജമ്മ പറയുന്നു.
പാമ്പുകടിച്ചാൽ
ഭാഗ്യമുണ്ടെങ്കിൽ രക്ഷപ്പെടാം
കാട്ടുപന്നിയും മുള്ളൻപന്നിയും ആനയുമൊക്കെ തേയിലത്തോട്ടങ്ങളിൽ എപ്പോൾ വേണമെങ്കിലും കടന്നുവരാമെങ്കിലും തൊഴിലാളികൾക്ക് ഏറ്റവും പേടി പാമ്പിനെയാണ്. തേയിലച്ചെടികൾക്കിടയിൽ ചുറ്റിപ്പിണഞ്ഞിരിക്കുന്ന വിഷപ്പാമ്പുകൾ പെട്ടെന്ന് കണ്ണിൽപ്പെടില്ല എന്നതുതന്നെ കാരണം. തൊഴിലാളികളോട് സംസാരിക്കാൻ ഞങ്ങൾ മലകയറിയ ദിവസവും കണ്ടു നല്ല വിഷമുളള ഒന്നിനെ. തേയില നുള്ളുന്ന ചാക്കിൽ കയറിയിരുന്ന് പിന്നീട് കടിച്ചിട്ടുള്ള സംഭവങ്ങളും ഏറെയാണ്. കടിച്ചു കഴിഞ്ഞാൽ പിന്നെ ഭാഗ്യം മാത്രമാണ് തുണ. കാരണം, മലയിറങ്ങി വരുമ്പോഴേക്കും വിഷം വ്യാപിച്ചു തുടങ്ങിയിട്ടുണ്ടാകും. മലയിറങ്ങിയാലും വലിയ മെച്ചമുണ്ടാകില്ല. കാരണം, മിക്ക തേയില എസ്റ്റേറ്റുകളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ മാത്രമാണ് ഉണ്ടാവുക. മുറിവ് കഴുകി, വിഷം വ്യാപിക്കുന്നത് തടയാൻ ഒരു തുണിയുംകെട്ടി വിടാനേ ഈ ആരോഗ്യകേന്ദ്രങ്ങളിൽ സൗകര്യമുള്ളൂ. കിടത്തിചികിത്സയ്ക്ക് കിലോമീറ്ററുകൾ താണ്ടി തൊടുപുഴയിലോ അടിമാലിയിലോ എത്തണം. മൂന്നാർ ടൗണിലെ ആശുപത്രിയിൽ തൊഴിലാളികൾക്കായി സൗജന്യചികിത്സാ സൗകര്യം ഒരുക്കിയിരുന്നെങ്കിലും ഇപ്പോഴതില്ല. എന്ന് മാത്രമല്ല, ഇവിടുത്തെ സ്ത്രീത്തൊഴിലാളികളോ അവരുടെ മക്കളോ മരുമക്കളോ പ്രസവാവശ്യത്തിനായി ഇവിടെയെത്തിയാൽ 30000 ഉം അതിൽ മുകളിലേക്കും വിലയുള്ള സിസേറിയൻ മാത്രമാണ് നടക്കാറുള്ളതും! .
സി സി ടിവിയെ വെല്ലും നോട്ടക്കാർ
തങ്ങളുടെ ജീവിതസാഹചര്യങ്ങളെക്കുറിച്ച് ആരാഞ്ഞാൽ, ഒരുവിഭാഗം തൊഴിലാളികളുടെ മറുപടിക്ക് ഒരേസ്വരം. വെളളം ഫ്രീ, വൈദ്യുതിക്ക് കുറഞ്ഞ നിരക്ക്, വാടകയില്ല, ഞങ്ങൾക്ക് സുഖമാണ്....മറുപടികളിലെ സമാനതകൾകൊണ്ട് കൗതുകം ജനിപ്പിച്ചെങ്കിലും അധികം വൈകാതെ തന്നെ അതിനുള്ള ഉത്തരവും കിട്ടി. തൊഴിലാളികൾ നീരീക്ഷണത്തിലാണ്. ഇതൊന്നുമല്ലാതെ മറ്റൊരു മറുപടി അവർ പറയാൻ സാദ്ധ്യത കുറവ്. തോട്ടത്തിനുള്ളിൽ ചുറ്റിത്തിരിയുന്നതും തൊഴിലാളികളോട് സംസാരിക്കുന്നതും കണ്ടാകണം കങ്കാണി(സൂപ്പർവൈസർ) മുകളിലേക്ക് വിളിപ്പിച്ചു. പിന്നെ ചോദ്യം ചെയ്യലായിരുന്നു.. പത്രമാണോ, ചാനലാണോ, ഫോണിൽ റെക്കാഡ് ചെയ്യുന്നുണ്ടോ, ട്രൈപോഡ് (മൊബൈൽ ഫോൺ ഉറപ്പിക്കാനുള്ള സ്റ്റാൻഡ്) എന്തിനാണ്, എന്തുചെയ്യുന്നു, കൂടെയുള്ളത് ആരാണ് അങ്ങനെ നീണ്ടു ചോദ്യങ്ങൾ. മാനേജരെ വിളിപ്പിക്കുമെന്നും എത്രയും പെട്ടെന്ന് തോട്ടത്തിൽനിന്ന് ഇറങ്ങണമെന്നും പറഞ്ഞു. എറണാകുളത്തൊരു കോളേജിൽ പഠിക്കുകയാണെന്നും കൂടെയുള്ളത് ഭർത്താവാണെന്നും പറഞ്ഞാണ് തത്കാലം രക്ഷപെട്ടത്. സമരം കഴിഞ്ഞതിനു ശേഷം തൊഴിലാളികൾ പലരും നീരീക്ഷണത്തിലാണ്. മലകയറിയെത്തുന്നവരോട് സംസാരിക്കുന്നതിനും മറ്റും വിലക്കുണ്ട്. കൂടെയുള്ളവർ പോലും ചിലപ്പോൾ ഒറ്റുകൊടുക്കുമത്രെ!
(തലമുറകളെ തേയിലച്ചോട്ടിൽ കെട്ടിയിടാൻ പലതുണ്ട് വഴികൾ. അവയെക്കുറിച്ച് നാളെ)