രണ്ടാം ഘട്ടം പണി തീർന്നിട്ട് 7 മാസം
ഒന്നാം ഘട്ടം പൂർത്തീകരിച്ചത് 50 ലക്ഷം രൂപ
പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിലെ നെടുമ്പാറ ചിറ ടൂറിസം സെന്റർ രണ്ടാം ഘട്ടം പണി തീർന്ന് ഏഴു മാസമായിട്ടും വിനോദ സഞ്ചാരികൾക്ക് തുറന്ന് നൽകിയില്ല. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സമർപ്പിച്ച1 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നൽകുകയും കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 50 ലക്ഷം രൂപ അനുവദിച്ച് ഒന്നാം ഘട്ടം പൂർത്തീകരിച്ച് ചിൽഡ്രൻസ് പാർക്കും , ചിറയിൽ പെഡൽ ബോട്ടുസർവീസും ആരംഭിച്ചിരുന്നു. തുടർന്ന് രണ്ടാം ഘട്ടത്തിന് 50 ലക്ഷം രൂപ കൂടി ലഭിച്ചു. നടപ്പാതകളും ,സോളാർ ലൈറ്റും ,ഓഫീസ് സൗകര്യവും ഇതേ തുടർന്ന് ഒരുക്കി. പരമാവധി വെള്ളം സംഭരിക്കാൻ ചിറ വറ്റിച്ച് മണ്ണ് കഴിഞ്ഞ വർഷം കൂവപ്പടി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 7 ലക്ഷം രൂപ വകയിരുത്തി കോരി മാറ്റിയിരുന്നു .മഴക്കാലമെത്തിയപ്പോൾ ചിറ നിറഞ്ഞ് കവിഞ്ഞിരുന്നു. ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായ കോടനാട് കപ്രിയക്കാടിനു സമീപം ഇവിടെ നിന്നും പാണിയേലി പോരിലേയക്ക് പോകുന്ന മെയിൻ റോഡിൽ നിന്നും 50 മീറ്റർ മാത്രം അകലെയുള്ള ഈ ചിറയിലെ പെഡൽ ബോട്ടിഗിനും ഇവിടെ വളർത്തുന്ന മത്സ്യങ്ങളെ കാണാനും ഒട്ടേറെ ആളുകൾ എത്തുന്നുണ്ടായിരുന്നു.
സെന്റർ തുറന്ന് തരണം
എന്നാലിപ്പോൾ പണി തീർന്നിട്ടും ബോട്ടിംഗ് ആരംഭിക്കുകയോ നടപ്പാതകളും പരിസരവും വൃത്തിയാക്കുകയോ തണൽ കൂടാരങ്ങൾ സംരക്ഷിക്കുകയോ ചെയ്തിട്ടില്ല .
ബോട്ടിംഗ് ഇല്ലാതായതോടെ ചിറയിൽ പായലും ,ആമ്പലും വളർന്നു. ചെടികൾ വെള്ളം കിട്ടാതെ വാടിക്കരിഞ്ഞു .വന സംരക്ഷണ സമിതിയക്കായിരുന്നു നടത്തിപ്പ് ചുമതല .സെന്റർ തുറക്കാത്തത് മൂലം നോക്കാൻ ജോലിക്കാരുമില്ല .നന്നായി പ്രവർത്തിച്ചിരുന്ന നെടുമ്പാറ ചിറ ടൂറിസം സെന്റർ വിനോദ സഞ്ചാര വകുപ്പ് വിനോദ സഞ്ചാരികൾക്കായി ഉടൻ തുറന്ന് നൽകണമെന്ന് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.പി.പ്രകാശ് ആവശ്യപ്പെട്ടു.