kseb
നിലവിലുള്ള കോലഞ്ചേരിയിലെ വൈദ്യുത ഓഫീസ്

കോലഞ്ചേരി: കോലഞ്ചേരി നിവാസികൾക്ക് 'ഷോക്ക് ട്രീറ്റ്മെന്റ് ' നൽകി വൈദ്യുത സെക്ഷൻ ഓഫീസ് കോലഞ്ചേരി വിടുന്നു. മിനി സിവിൽ സ്റ്റേഷനിൽ സെക്ഷൻ ഓഫീസിന് ഇടംനൽകാൻ വമ്പൻ വാടക നൽകണമെന്നാവശ്യപ്പെട്ടതിനെ തുടർന്നാണ് ആസ്ഥാനം കോലഞ്ചേരിയിൽ നിന്ന് മാ​റുന്നത്. വൈദ്യുത ഓഫീസ്, സബ് ട്രഷറി, സോയിൽ കൺസർവേഷൻ ഓഫീസ്, വിദ്യാഭ്യാസ ഓഫീസ് എന്നിവയാണ് മിനി സിവിൽസ്​റ്റേഷനിൽ ഉദ്ഘാടന സമയത്ത് തുറക്കാനിരുന്നത്. എന്നാൽ പിന്നീട് കെ.എസ്.ഇ ബോർഡായതോടെ വാടക വേണമെന്ന നിയമവുമായി. ഇതോടെ പൊതുമരാമത്ത് വകുപ്പിന് വാടക നൽകി മാത്രമാണ് സിവിൽ സ്റ്റേഷനിൽ ഓഫീസ് തുറക്കാൻ കഴിയൂ. പരമാവധി 25,000 രൂപ വരെയാണ് ബോർഡിന് വാടക നൽകാൻ അനുമതിയുള്ളത്. എന്നാൽ 3,500 ചതുരശ്രയടിക്ക് ദേശീയ പാതയുമായുള്ള സാമീപ്യവും പുതിയ കെട്ടിടത്തിന്റെ മൂല്യവും കണക്കിലെടുത്ത് പൊതുമരാമത്ത്,റവന്യൂ വകുപ്പുകൾ ചേർന്ന് 70,000 രൂപയാണ് വാടക നിശ്ചയിച്ചത്. ഇതോടെയാണ് വാടക കുറഞ്ഞ മറ്റൊരിടം തേടാൻ വൈദ്യുത വകുപ്പ് തീരുമാനിച്ചു.

അദാലത്തിലും നടപടിയായില്ല

വടവുകോട് ബ്ലോക്ക് ഓഫീസിന് സമീപം നിർമാണം പൂർത്തിയായ മിനി സിവിൽ സ്റ്റേഷനിലേയ്ക്ക് ഓഫീസ് മാറ്റാനായിരുന്നു ശ്രമം. ഇന്നാൽ താഴത്തെ നിലയ്ക്ക് 70,000 രൂപ വാടക ആവശ്യപ്പെട്ടതോടെയാണ് വൈദ്യുത ഓഫീസ് വാടക കുറഞ്ഞ മറ്റൊരിടത്തേയ്ക്ക് മാറ്റാൻ നീക്കം തുടങ്ങിയത്. കെ.എസ്.ഇ.ബി സർക്കാർ വകുപ്പിൽ നിന്നും മാറി ബോർഡ് ആയതോടെയാണ് സിവിൽ സ്റ്റേഷനിൽ വാടക വേണമെന്ന നിബന്ധന വന്നത്. നിലവിൽ 10,000 രൂപ വാടക നൽകിയാണ് ജംഗ്ഷനിൽ ഓഫീസ് പ്രവർത്തിക്കുന്നത്. എന്നാൽ സിവിൽ സ്റ്റേഷൻ വന്നതോടെ അവിടേയ്ക്ക് മാറ്റാമെന്ന ജനപ്രതിനിധികളുടെ വാഗ്ദാനവും ഇതോടെ പാഴാവുകയാണ്. ജനുവരി 15 ന് വൈദ്യുതി മന്ത്രിയുടെ അദാലത്തിൽ ഇതേ കുറിച്ച് പരാതി നൽകിയെങ്കിലും ഫലം കണ്ടില്ല.

ഓഫീസിലേക്കെത്താൻ കോലഞ്ചേരി നിവാസികൾ ബുദ്ധിമുട്ടും

കോലഞ്ചേരിയിൽ നിന്നും ഓഫീസ് മാ​റ്റുന്നത് ഉപഭോക്താക്കളെ വലയ്ക്കും. നിലവിൽ ഉപഭോക്താക്കൾക്ക് കോലഞ്ചേരിയിൽ എത്തിപ്പെടാൻ വളരെ സൗകര്യമാണ്. പ്രതി ദിനം നൂറുകണക്കിന് ഉപഭോക്താക്കളാണ് വിവിധ ആവശ്യങ്ങൾക്കായി ഓഫീസിൽ വന്നുപോകുന്നത് കോലഞ്ചേരി ജംഗ്ഷനിലെത്തുന്നവർക്ക് നൂറു മീ​റ്റർ നടന്നാൽ ഓഫീസിലെത്താം.മിനി സിവിൽ സ്റ്റേഷനിലേക്ക് മാ​റ്റിയാലും ജനങ്ങൾക്ക് ബുദ്ധിമുട്ടാവില്ല. എന്നാൽ കോലഞ്ചേരി വിട്ടു പോകുന്നതോടെ ഓഫീസിലെത്തലും ബുദ്ധിമുട്ടാകും.

മാർച്ചിനകം മാറണമെന്ന് സ്ഥലമുടമ നേരത്തെ നോട്ടീസ് നൽകിയിട്ടുണ്ട്

നിലവിൽ പെരുവംമുഴി, വാളകം എന്നിവിടങ്ങളിലാണ് ഓഫീസ് മാറ്റുന്നത്

എങ്ങോട്ട് മാറ്റണമെന്ന് തീരുമാനമായിട്ടില്ല

.