കോലഞ്ചേരി: വനിതകൾ പരാതി നല്കാൻ പൊലീസ് സ്റ്റേഷൻ കയറിയിറങ്ങേണ്ട, പരാതിക്കാരെ തേടി വനിതാ പൊലീസ് വീട്ടുമുറ്റത്തേയ്ക്കെത്തും.

രണ്ട് വനിതാപൊലീസുകാരുടെ പട്രോളിംഗ് ടീം ഇനി മുതൽ നിരത്തിലുണ്ടാകും. ബസ് സ്​റ്റോപ്പുകൾ,ബസ് സ്​റ്റാൻഡുകൾ,സ്‌കൂൾ, കോളേജ് പരിസരങ്ങൾ,ചന്തകൾ, മ​റ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഇരു ചക്രവാഹനങ്ങളിലോ നടന്നോ ഇവർ സാന്നിദ്ധ്യമറിയിക്കും.

അവർ കാണുന്ന പരാതിക്കാരുടേയും,സ്ത്രീകളുടെയും വിവരങ്ങൾ ഉൾപ്പെടെ ജനമൈത്രി സുരക്ഷ പദ്ധതിയുടെ ഭാഗമായ ക്രൈം ഡ്രൈവ് ആപ്പിൽ ഉൾപ്പെടുത്തും. മുതിർന്ന പൊലീസുദ്യോഗസ്ഥർക്ക് ഈ വിവരങ്ങൾ ഇതോടെ നേരിട്ട് നിരീക്ഷിക്കാൻ കഴിയാനാകും.

അന്വേഷണത്തിന് വനിതാ സെല്ലിലെ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ സംഘം രൂപീകരിക്കും.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ഗുരുതരമായ കേസുകൾ ഈ സംഘം അന്വേഷിക്കും.

നിലവിലുള്ള വനിതാ സ്വയം പ്രതിരോധ പരിശീലന സംവിധാനം പരമാവധി സ്‌കൂളുകളിലും കോളേജുകളിലും പഞ്ചായത്തിലും വ്യാപിപ്പിക്കും.

വനിതകൾക്ക് രാത്രി യാത്ര സുരക്ഷിതമാക്കുന്നതിന് കൊല്ലം സി​റ്റിയിൽ നടപ്പാക്കിയ സുരക്ഷിത എന്ന പരിപാടി എല്ലാ ജില്ലകളിലും നടപ്പാക്കാനും പദ്ധതിയുണ്ട്. തനിച്ച് താമസിക്കുന്ന സ്ത്രീകളെയും ശാരീരികവും മാനസികവുമായി വൈകല്യമുള്ള സ്ത്രീകളെയും വനിതാ പൊലീസ് സംഘം സന്ദർശിക്കും.

പദ്ധതികളുടെ നടത്തിപ്പ് നിരീക്ഷിക്കുന്നതിന് പരിശീലന വിഭാഗം എ.ഡി.ജി.പി ഡോ.ബി സന്ധ്യ, ഐ.സി.​റ്റി വിഭാഗം എസ്.പി ഡോ.ദിവ്യ വി.ഗോപിനാഥ്, കൊച്ചി സി​റ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ആർ പൂങ്കുഴലി, വനിതാ ബ​റ്റാലിയൻ കമാണ്ടൻറ് ഡി.ശിൽപ്പ, ശംഖുമുഖം എ.എസ്.പി ഐശ്വര്യ ഡോംഗ്രെ എന്നിവർ അംഗങ്ങളായി സംസ്ഥാനതല സമിതിക്ക് രൂപം നൽകി.

• സ്ത്രീയാണ് ധനം

പൊലീസ് നേരിട്ട് സ്ത്രീധനത്തിനെതിരെ കാമ്പയിനും തുടങ്ങുന്നുണ്ട്. കുടുംബശ്രീ, തദ്ദേശ ഭരണ വകുപ്പുകൾ, സാമൂഹ്യനീതി വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണിത്.