crime

കൊച്ചി: ആരാണ് സുകേഷ് ചന്ദ്ര ? കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസന്വേഷണത്തിനിടെയാണ് കൊച്ചി സിറ്റി പൊലീസിന് മുന്നിലേക്ക് ഈ ചോദ്യം ആദ്യം എത്തിയത്. നിമിഷനേരത്തെ അന്വേഷണത്തിനൊടുവിൽ ഉത്തരം കിട്ടി. തീഹാർ ജയിലിലെ തടവുപുള്ളി. അകത്തായതോ, വമ്പൻ തട്ടിപ്പ് കേസിൽ. എന്നാൽ, മറ്റൊരു വിവരം അന്വേഷണ സംഘത്തെ ഞെട്ടിച്ചു. കൊച്ചിയിലെ ബ്യൂട്ടിപാർലർ ഉടമയും നടിയുമായ ലീന മരിയ പോളിന്റെ ഭർത്താവാണെന്നായിരുന്നു ആ വിവരം. അന്വേഷണം കൂടുതൽ ഊർജമാക്കിയ പൊലീസ്, ലീനയോട് ഇക്കാര്യം തേടുകയും ചെയ്തു. എന്നാൽ, സുഹൃത്ത് എന്നായിരുന്നു മറുപടി.

ലീനയും സുകേഷ് ചന്ദ്രയും ഏതാനും വർഷം മുമ്പ് പലരിൽ നിന്നായി കോടികൾ തട്ടിയെന്നും ഈ പണം ലക്ഷ്യമിട്ടാണ് രവി പൂജാരയുടെ സംഘം ബ്യൂട്ടിപാർലറിലേക്ക് വെടിയുതിർത്തതെന്നുമുള്ള സംശയം ഒരുഘട്ടത്തിൽ ഉയർന്നിരുന്നു. ഹൈദരാബാദിലെ വ്യവസായിയിൽ നിന്നും കോടികൾ തട്ടിയ കേസിൽ സി.ബി.ഐ ചെന്നൈ യൂണിറ്റാണ് തട്ടിപ്പിന് പിന്നിൽ ലീനയുടെയും സുകേഷിന്റെയും ബന്ധം തേടുന്നത്. അന്വേഷണത്തിൽ തട്ടിപ്പ് കഥകൾ ഒന്നൊന്നായി പുറത്ത് വരുമെന്നാണ് സി.ബി.ഐ പ്രതീക്ഷിക്കുന്നത്.


പരോളിൽ റിസോർട്ടിലേക്ക്
ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിൽ പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് സുകേഷ് ദിവസങ്ങളോളം കൊച്ചിയിൽ തങ്ങിയെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. മൂക്കിന് കീഴിൽ സുകേഷ് എത്തിയത് പൊലീസ് അറിഞ്ഞപ്പോഴേക്കും ഏറെ വൈകിയിരുന്നു. തീഹാർ ജയിലിൽ ശിക്ഷ അനുഭവിക്കവെ പരോളിൽ ഇറങ്ങിയാണ് കൊച്ചി ചിലവന്നൂരിലെ സ്വകാര്യ റിസോർട്ടിൽ വന്ന് താമസിച്ചത്. ലീനയുടെ ബ്യൂട്ടി പാർലർലറിലെ വെടിവയ്പ്പും സുകേഷിന്റെ കൊച്ചി സന്ദർശനവുമായി ബന്ധമുണ്ടോയെന്നാണ് പ്രധാനമായും പൊലീസ് പരിശോധിച്ചത്. 2013ൽ ഒരു ബാങ്കിൽ നിന്ന് 19കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായിരുന്നു ലീന. നിക്ഷേപ തുക ഇരട്ടിയാക്കി നൽകാമെന്ന് വാഗ്ദാനം നൽകി പറ്റിച്ച കേസിലും ലീന പ്രതിയാണ്. സുകേഷുമായി സാമ്പത്തിക ഇടപാടുകളും കൊച്ചിയിൽ വച്ച് പണം കൈമാറ്റം നടന്നോയെന്നും പൊലീസ് അന്വേഷിച്ചിരുന്നു. എന്നാൽ, ഈ അന്വേഷണമെല്ലാം ഏതാണ്ട് നിലച്ച മട്ടാണ്.

20ലധികം കേസ്

തട്ടിയത് കോടികൾ

ആൾമാറാട്ടം,​ വഞ്ചന,​ പണം തട്ടൽ.... രാജ്യത്തിന്റെ പലഭാഗത്തായി സുകേഷിന്റെ പേരിലുള്ളത് 20ഓളം കേസുകളാണ്. സിനിമയെ വെല്ലുന്ന ജീവിതമാണ് സുകേഷിന്റേത്. ബംഗളൂരിലെ ബിഷപ്പ് കോട്ടൺ ബോയ്‌സ് സ്കൂളിലായിരുന്നു വിദ്യാഭ്യാസം. പഠന ശേഷം പല പേരുകളിലും പല വേഷത്തിലുമായി പത്തുവർഷത്തിനിടെ രാജ്യത്താകെ തട്ടിപ്പ്. ഇങ്ങനെ കോടികൾ സമ്പാദിച്ചു. ചില തട്ടിപ്പുകളിൽ ലീനയും കൂട്ടാളിയായി. ചെന്നൈ അമ്പത്തൂരിലെ ഒരു ബാങ്ക് ശാഖയിൽനിന്ന് 19 കോടി രൂപ തട്ടിയ കേസിൽ ഇരുവരും മുഖ്യ പ്രതികളായിരുന്നു. തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെ.യുടെ 'രണ്ടില' ചിഹ്നം ലഭിക്കാൻ സുകേഷ് വഴി ദിനകരൻ തിരഞ്ഞെടുപ്പ് കമ്മിഷനിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കാൻ ശ്രമിച്ച കേസ് വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതിനായി 50 കോടിയുടെ കരാറാണ് സുകേഷുമായി ദിനകരൻ ഉറപ്പിച്ചെന്നായിരുന്നു ആരോപണം. ഇതിൽ 10 കോടി രൂപ കൊച്ചിയിലെ ഹവാല ഏജന്റുവഴി ലഭിച്ചതായി സുകേഷ് ഡൽഹി പൊലീസിന് മൊഴി നൽകിയിരുന്നു. ഇതേതുടർന്ന്, ദിനകരനെതിരെ ഡൽഹി ക്രൈംബ്രാഞ്ച് പൊലീസ് കേസെടുത്തു. ഡൽഹിയിലെ പഞ്ചനക്ഷത്രഹോട്ടലിൽ നിന്നാണ് ഒടുവിൽ സുകേഷ് പൊലീസ് പിടിയിലായത്.

സി.ബി.ഐ ചമ‌ഞ്ഞും തട്ടിപ്പ്
കഴിഞ്ഞ 23നാണ് ലീന മരിയ പോളിന്റെ ചെന്നൈയിലെ വീട്ടിലും കൊച്ചിയിലെ ബ്യൂട്ടിപാർലറിലും സി.ബി.ഐ റെയ്ഡ് നടത്തിയത്. ഹൈദരാബാദിലെ വ്യവസായിയിൽനിന്നും പണം തട്ടാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ടായിരുന്നു നടപടി. ഉച്ചവരെ നീണ്ടു നിന്ന റെയ്ഡിൽ സുപ്രധാന രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. ഒരു ബാങ്ക് തട്ടിപ്പ് കേസിൽ സി.ബി.ഐ പ്രതിപ്പട്ടികയിലുള്ള ഹൈദരാബാദ് വ്യവസായി സാംബശിവ റാവുവിൽനിന്ന് സി.ബി.ഐ ചമഞ്ഞ് രണ്ടു പേർ പണം തട്ടാൻ ശ്രമിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. ഹൈദരാബാദ് സ്വദേശിയായ മണിവർണ റെഡ്ഡി, മധുര സ്വദേശി സെൽവം രാമരാജൻ എന്നിവരാണ് പണം തട്ടാൻ ശ്രമിച്ചത്.

സാംബശിവ റാവുവിനെ കേസിൽനിന്ന് രക്ഷപ്പെടുത്താമെന്ന വ്യാജേനയാണ് ഇവർ പണം തട്ടാൻ ശ്രമിച്ചത്. ഇതിനായി സി.ബി.ഐയുടെ ഔദ്യോഗിക നമ്പർ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സ്പൂഫ് ചെയ്ത് ഉപയോഗിക്കുകയും ചെയ്തു. ഇതേ തുടർന്ന് സാംബശിവ റാവു പരാതി നൽകുകയും മണിവർണ റെഡ്ഡി, സെൽവം രാമരാജൻ എന്നിവർക്കെതിരെ സി.ബി.ഐ കേസ് എടുക്കുകയും ചെയ്തു.ഇവരുമായി ലീന മരിയ പോളിനും ഭർത്താവ് സുകേഷ് ചന്ദ്രശേഖറിനും ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സി.ബി.ഐ മിന്നൽ പരിശോധന നടത്തിയത്.