തൃക്കാക്കര: കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ (എം.എച്ച്.ആർ.ഡി) 'എക് ഭാരത്, ശ്രേഷ്ട് ഭാരത്' പദ്ധതിയുടെ ഭാഗമായ ഹിമാചൽപ്രദേശ് വിദ്യാർത്ഥി സംഘത്തിന്റെ കേരള സന്ദർശനം ആരംഭിച്ചു. ഹിമാചലിലെ സ്‌കൂൾ ഒഫ് കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിംഗ് ഗവ. കോളേജ് ധർമ്മശാലയിലെ 50 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരും അടങ്ങുന്ന സംഘമാണ് കഴിഞ്ഞ ദിവസം കേരളത്തിലെത്തിയത്.

കാക്കനാട് രാജഗിരി സ്‌കൂൾ ഒഫ് എൻജിനിയറിംഗ് ആന്റ് ടെക്‌നോളജിയാണ് വിദ്യാർത്ഥി സംഘത്തിന്റെ സന്ദർശനത്തിനായുള്ള സൗകര്യങ്ങളൊരുക്കുന്നത്. രാജഗിരി കോളേജിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികളുടെ കേരള സന്ദർശനം ധർമ്മശാല ഗവൺമെന്റ് കോളേജ് വൈസ് ചെയർമാൻ ഡോ. സഞ്ചയ് പഥാനിയ ഉദ്ഘാടനം ചെയ്തു. ധർമ്മശാല കോളേജ് കമ്പ്യൂട്ടർ സയൻസ് വിഭാഗം തലവൻ ഡോ. പവൻ താക്കൂർ, രാജഗിരി എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ശ്രീജിത്ത്, വൈസ് പ്രിൻസിപ്പൽ ഡോ. ജോൺ എം. ജോർജ്ജ്, അസോ. പ്രൊഫസർ ഫാ. ഡോ. ജോയൽ ജോർജ്ജ് പുല്ലോളിൽ തുടങ്ങിയവർ സംസാരിച്ചു.

അതിരപ്പള്ളി വെള്ളച്ചാട്ടം, മട്ടാഞ്ചേരി, ഹിൽപ്പാലസ്, പ്രമുഖ ആരാധനാലയങ്ങൾ, കേരളത്തിന്റെ പരമ്പരാഗത ചന്തകൾ തുടങ്ങിയ സ്ഥലങ്ങൾ സംഘം സന്ദർശിക്കും. കേരളത്തിന്റെ ഭാഷ, വസ്ത്രധാരണം, കല, ചരിത്രം തുടങ്ങിയ വിഷയങ്ങളെ അടുത്തറിയുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യം.