കോലഞ്ചേരി: മുൻ വർഷം കർഷകരെ പ്രളയമാണ് ചതിച്ചതെങ്കിൽ ഈ വർഷം വേനലാണെന്ന മുന്നറിയിപ്പോടെ കൃഷിയിടങ്ങൾ പതിവില്ലാത്ത കൊടും ചൂടിൽ വിയർത്ത് വാടി തുടങ്ങി. ഓരോ ദിവസം ചെല്ലുന്തോറും ചൂടിന്റെ കാഠിന്യം ഏറി വരികയാണ്. വരുന്നത് വറുതിയുടെ നാളുകൾ ആണെന്ന മുന്നറിയിപ്പു നൽകി ജനുവരി ആദ്യം തന്നെ നീർച്ചാലുകളും ജലസ്രോതസുകളും വറ്റി വരണ്ടതോടെ കർഷകരുടെ മനസിലും കനൽ എരിഞ്ഞു തുടങ്ങി.
പെരിയാർ വാലി കനാലുകൾ കടന്നു പോകുന്ന മേഖലയിൽ മാത്രമാണ് ചെറിയൊരാശ്വാസം. കനാലിലും ടേൺ അനുസരിച്ചാണ് വെള്ളമെത്തുന്നത് . വേനൽ ഇതു പോലെ തുടർന്നാൽ ഡാമുകളിലും വെള്ളം കുറയുന്നതോടെ കനാൽ വെള്ളവും നിൽകും. കൊടും ചൂടിൽ വിരിയുന്നതിനു മുൻപേ തന്നെ കൊക്കോ മരങ്ങളിലെ പൂക്കൾ കരിഞ്ഞുണങ്ങുന്നത് കാർഷിക മേഖലയിൽ കനത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പഞ്ഞ മാസങ്ങളിൽ കർഷകരെ പിടിച്ചു നിർത്തിയിരുന്നത് കൊക്കോ കൃഷി ആയിരുന്നു. ഡിസംബറിൽ ഇല പൊഴിഞ്ഞു പുതുനാമ്പുകൾ വിരിഞ്ഞ റബർ മരങ്ങളുംടാപ്പിങ്ങിനു മുന്നോടിയായി വേനൽ മഴയ്ക്ക് കാത്തിരിക്കുകയാണ്. വർഷത്തിൽ എല്ലാ മാസവും വിളവു ലഭിച്ചിരുന്ന ജാതി മരങ്ങളെയും ഉണക്ക് ബാധിച്ച് തുടങ്ങിയത് ശുഭ സൂചനയല്ലെന്നാണ് കർഷകർ പറയുന്നത്. പെരിയാറും കൈവഴികളും വറ്റി വരണ്ടതോടെ ഇരുകരകളിലുമുള്ള ജനങ്ങൾ കുടിവെള്ളത്തിനും നെട്ടോട്ടമോടി തുടങ്ങി.
വെയിലിൽ വാടിയ വിളവ്
വിളവെടുപ്പിനു മുന്നേ വാടി തളർന്ന കുരുമുളക് ചെടി തന്നെയാണ് കാർഷിക മേഖലയിൽ വരാനിക്കുന്ന പ്രതിസന്ധിയുടെ രൂക്ഷത വിവരിച്ചു തുടങ്ങിയത്. ഏത്തവാഴയും, പച്ചക്കറി ഇനങ്ങളായ പാവലും,പയറും എല്ലാം നനച്ചു കൊടുക്കാൻ തുള്ളി വെള്ളമില്ലാതെ ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ് കർഷകർ.
കർഷകർ ദുരിതത്തിലാണ്
തിരുവാണിയൂർ സ്വാശ്രയ വിപണിയ്ക്ക് കീഴിലുള്ള നൂറിലധികം കർഷകരുടെ ഏകദേശം 300 ഏക്കറോളം സ്ഥലത്തെ വാഴകൃഷി വേനലിന്റെ കാഠിന്യത്താൽ തണ്ട് ചീഞ്ഞ് ഒടിഞ്ഞ നിലയിലാണ്. കായ മൂപ്പെത്താതെ ഒടിഞ്ഞതിനാൽ കർഷകർക്ക് ഇൻഷ്വറൻസ് പരിരക്ഷയും ലഭിക്കില്ല. പന്തലിട്ട് നടത്തുന്ന പച്ചക്കറിയേയും ഉണക്ക് ബാധിച്ചു. ചെറിയ രീതിയിലുള്ള നനവ് ഏൽകുന്നില്ല, പച്ചക്കറി കൃഷി പൂർണ്ണമായും പഴുത്തു തുടങ്ങി. മുൻ വർഷങ്ങളിൽ ഇട മഴ കിട്ടിയിരിന്നു. ഈ വർഷം ഇതു വരെ മഴ ലഭിക്കാത്തത് ബുദ്ധിമുട്ടായി. വി.എഫ്.പി.സി.കെ വഴിയാണ് സ്വാശ്രയ കർഷക വിപണികൾ പ്രവർത്തിക്കുന്നത്. ഇവിടെ രജിസ്റ്റർ ചെയ്തതിനാൽ മറ്റു സർക്കാർ സഹായങ്ങൾ ലഭിക്കുന്നില്ല.
ജോഷി.ടി.ജോൺ , കർഷകൻ, തിരുവാണിയൂർ കർഷക വിപണി
വിളകളെ പ്രതിരോധിക്കാം
40 കിലോഗ്രാം ചാണകം, 10 ലിറ്റർ കഞ്ഞി വെള്ളം, 2 കിലോ ശർക്കര ഇത് നന്നായി കൂട്ടി ഇളക്കിയ ശേഷം ചണ ചാക്കിൽ നിറച്ച്,ചാക്ക് വീപ്പക്കുള്ളിൽ നൂറ് ലിറ്റർ വെള്ളത്തിൽ 48 മണിക്കൂർ തുടർച്ചയായി ഇറക്കി വയ്ക്കണം. തുടർന്ന് വെള്ളത്തിൽ പൂർണമായും അലിയിച്ച ശേഷം പമ്പ് ഉപയോഗിച്ച് സ് പ്രെ ചെയ്യാനാണെങ്കിൽ അരിച്ചെടുത്ത് തളിച്ച് ഉണക്ക് ബാധിക്കാതെ വിളകളെ പ്രതിരോധിക്കാം. വിപണിയിൽ നിന്നും പി.പി.എഫ്.എം ബാക്ടീരിയൽ ലായനി വാങ്ങി 10 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് പതിനഞ്ചു ദിവസം കൂടുമ്പോൾ സ്പ്രെ ചെയ്യുന്നതും വരൾച്ചയെ പ്രതിരോധിക്കും. തമിഴ്നാട് യൂണിവേഴ്സിറ്റിയാണ് പി.പി.എഫ്.എം കണ്ടെത്തിയത്.
അഞ്ജു പോൾ , കൃഷി ഓഫീസർ