health
തിരുവാണിയൂർ പഞ്ചായത്തിലെ പാലാപ്പടിയിൽ ഹോമിയോ ആശുപത്രിയുടെ ഉദ്ഘാടനം മന്ത്രി കെ.കെ ശൈലജ നിർവഹിക്കുന്നു

കോലഞ്ചേരി: കൊറോണയെ പ്രതിരോധിക്കാൻ കേരളത്തിലെ ആരോഗ്യ രംഗം ഒരേ മനസോടെ പ്രവർത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. തിരുവാണിയൂർ പഞ്ചായത്തിലെ പാലാപ്പടിയിൽ ഹോമിയോ ആശുപത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിപ്പയെ പ്രതിരോധിച്ചതിലും വേഗം കൊറോണയെ പ്രതിരോധിക്കാൻ സംസ്ഥാനം സജ്ജമാണ്. പ്രതിരോധത്തിന് മുൻ കരുതലാണവശ്യം, വിവേകം കൊണ്ടു മാത്രമെ നമുക്ക് ഇത്തരം സാഹചര്യങ്ങളെ നേരിടാൻ കഴിയൂ. ചൈനയിൽ നിന്നുമെത്തുന്നവരെ നിരീക്ഷിക്കുക മാത്രമാണ് ചെയ്യുന്നത് ഇവർ അസുഖ ബാധിതരാണെന്ന മുൻ ധാരണ പാടില്ല. വിവിധ സംസ്ഥാനങ്ങളെടുക്കുന്ന പ്രതിരോധ മാർഗങ്ങളിൽ എത്തപ്പെടാതെ ഇപ്പോഴും കൊൽക്കത്ത പോലുള്ള വിമാനത്താവളങ്ങളിലെത്തി മുങ്ങുന്നവരുണ്ട്. ഇത്തരം സാഹചര്യങ്ങൾ അതീവ ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞ് സർക്കാർ സംവിധാനങ്ങളുമായി സഹകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.സി പൗലോസ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം സി.കെ അയ്യപ്പൻകുട്ടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊച്ചു റാണി വർഗീസ്, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഐ.വി ഷാജി, അജിത മണി, റെജി ഇല്ലിയ്ക്കപറമ്പിൽ, പഞ്ചായത്ത് സെക്രട്ടറി കെ.ടി സന്തോഷ് , ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ലീന റാണി, ബി.പി.സി.എൽ പി.ആർ.ഒ വിനീത് തുടങ്ങിയവർ സംസാരിച്ചു. ബ്ളോക്ക് പഞ്ചായത്തംഗങ്ങൾ, ഗ്രാമ പഞ്ചായത്തംഗങ്ങൾ വിവിധ രാഷ്ട്രീയ സംസ്കാരിക പ്രമുഖർ എന്നിവർ പങ്കെടുത്തു.