കൊച്ചി: പുന:രധിവാസത്തിന് അർഹരായ തെരുവു കച്ചവടക്കാരെ കൃത്യമായി കണ്ടെത്താൻ നഗരസഭ നടപടിയെടുത്തില്ലെന്ന പരാതിയിൽ ഇവരെ കണ്ടെത്താനും പുനരധിവസിപ്പിക്കാനും ഹൈക്കോടതി ഏഴ് നിർദ്ദേശങ്ങൾ നൽകി. തെരുവു കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ പനമ്പിള്ളി നഗറിലെ തെരുവു കച്ചവടക്കാരനായ എ. രവി ഉൾപ്പെടെ 12 പേർ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. 2122 കച്ചവടക്കാർ പുന:രധിവാസത്തിനു യോഗ്യരാണെന്ന് കണ്ടെത്തിയെന്ന് 2019 നവംബറിൽ നഗരസഭ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ കണക്കു കൃത്യമല്ലെന്നും കൂടുതൽ പേർ ലിസ്റ്റിൽ ഉൾപ്പെടുമെന്നും ഹർജിക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. തെരുവു കച്ചവടക്കാരെ സംരക്ഷിക്കാനുള്ള നിയമപ്രകാരം സർക്കാർ തയ്യാറാക്കുന്ന സ്കീം 2019 ഫെബ്രുവരിയിൽ വിജ്ഞാപനം ചെയ്തെങ്കിലും നഗരസഭ ഇതിനു പ്രചാരം നൽകിയില്ലെന്നും ഹർജിക്കാർ ആരോപിച്ചു. സ്കീം നടപ്പാക്കുന്നതിനായി നഗരസഭ ബൈലോ തയ്യാറാക്കിയിട്ടുമില്ല. നഗരസഭയുടെ കീഴിലുള്ള ടൗൺ വെൻഡിംഗ് കമ്മിറ്റി കൃത്യമായി യോഗം ചേരാറില്ലെന്നും ഹൈക്കോടതി വിലയിരുത്തി. തുടർന്നാണ് നിർദ്ദേശങ്ങൾ നൽകിയത്.

 ഹൈക്കോടതിയുടെ ഏഴു കല്പനകൾ :

1. കൗൺസിലർമാർ മൂന്നാഴ്ചയ്ക്കകം തങ്ങളുടെ ഡിവിഷനിലെ തെരുവു കച്ചവടക്കാരുടെ പട്ടിക തയ്യാറാക്കി ടൗൺ വെൻഡിംഗ് കമ്മിറ്റിക്ക് നൽകണം.

2. സർക്കാർ തയ്യാറാക്കിയ സ്കീമിന്റെ വിവരങ്ങൾ നഗരസഭ മൂന്നാഴ്ചയ്ക്കുള്ളിൽ മാദ്ധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കണം.

3. സ്കീം നടത്തിപ്പിനാവശ്യമായ ബൈലോ തയ്യാറാക്കാനുള്ള നടപടി നഗരസഭ രണ്ടു മാസത്തിനുള്ളിൽ ഉറപ്പാക്കണം.

4.പുനരധിവസിപ്പിക്കാൻകണ്ടെത്തിയ സ്ഥലങ്ങളിൽ ട്രാഫിക ഇൗസ്റ്റ്, വെസ്റ്റ് അസി. കമ്മിഷണർമാർ മൂന്നാഴ്ചയ്ക്കുള്ളിൽ നഗരസഭ, ജി.സി.ഡി.എ പ്രതിനിധികളുമായി ചേർന്ന് പരിശോധന നടത്തി സ്ഥലം അനുയോജ്യമാണോയെന്നു നിർദ്ദേശിക്കണം.

5. ഉത്തരവു പാലിക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി നഗരസഭയും അസി. കമ്മിഷണർമാരും ടൗൺ വെൻഡിംഗ് കമ്മിറ്റിയും ഫെബ്രുവരി 19 ന് റിപ്പോർട്ട് നൽകണം.

6. ഈ റിപ്പോർട്ടുകളുടെ പകർപ്പ് അമിക്കസ് ക്യൂറിക്കും ലഭ്യമാക്കണം.

7. തെരുവു കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനുള്ള സ്റ്റേ നീട്ടി.