kerala-highcourt

കൊച്ചി: നെടുങ്കണ്ടത്ത് പൊലീസ് പീഡനത്തിനിരയായ പ്രതി രാജ്കുമാറിനെ റിമാൻഡ് ചെയ്ത സംഭവത്തിൽ ഇടുക്കി മജിസ്ട്രേട്ടായിരുന്ന രശ്മി രവീന്ദ്രന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് ഹൈക്കോടതി കണ്ടെത്തി. വിഷയത്തിലെ തുടർ നടപടികൾ അവസാനിപ്പിക്കാൻ തീരുമാനിച്ചെന്നും ഹൈക്കോടതി ഭരണവിഭാഗം വ്യക്തമാക്കി.

പൊലീസിന്റെ മർദ്ദനത്തെ തുടർന്ന് പരിക്കേറ്റ രാജ്കുമാറിനെ മജിസ്ട്രേട്ട് റിമാൻഡ് ചെയ്ത നടപടിക്കെതിരെ ആക്ഷേപം ഉയർന്നിരുന്നു. തുടർന്നാണ് ഹൈക്കോടതി സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയതെന്നും മജിസ്ട്രേട്ടിന്റെ നടപടിയിൽ വീഴ്ചയില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും തൃശൂരിലെ മണ്ണുത്തി നേർക്കാഴ്ച സമിതിക്ക് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ ഹൈക്കോടതി വ്യക്തമാക്കി.

തട്ടിപ്പു കേസിൽ പ്രതിയായിരുന്ന രാജ്കുമാർ പൊലീസ് മർദ്ദനത്തെത്തുടർന്ന് 2019 ജൂൺ 21 നാണ് മരിച്ചത്. ജൂൺ 15 ന് രാത്രി അറസ്റ്റിലായ ഇയാളെ പൊലീസ് അടുത്ത ദിവസം രാത്രിയിലാണ് റിമാൻഡ് ചെയ്യാൻ ഇടുക്കി മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കിയത്. പൊലീസ് ഉപദ്രവിച്ചില്ലെന്ന് മൊഴി നൽകിയതിനെ തുടർന്ന് ജൂൺ 28 വരെ റിമാൻഡ് ചെയ്തു. പിന്നീടാണ് മരിച്ചത്.