കൊച്ചി: വൈറ്റിലയിൽ ജലവിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്ന് നഗരത്തിന്റെ തെക്കൻ മേഖലയിലുണ്ടായ പ്രതിസന്ധിക്ക് പരിഹാരമായി. ഇന്നലെ പുലർച്ചെ മുതൽ പമ്പിംഗ് പുനരാരംഭിച്ചു. വൈറ്റില, കടവന്ത്ര, എളംകുളം, ചിലവന്നൂർ, പൂണിത്തുറ, ഗാന്ധിസ്‌ക്വയർ, പേട്ട, ചമ്പക്കര, പൊന്നുരുന്നി, ചളിക്കവട്ടം, പനമ്പള്ളിനഗർ, പേട്ട, തൈക്കൂടം, മരട് മുനിസിപ്പാലിറ്റിയിലെ ഏതാനും ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ബുധനാഴ്ച രാവിലെ മുതൽ ജലവിതരണം മുടങ്ങിയത്.
നാവികസേനയ്ക്ക് വേണ്ടി ദക്ഷിണ നാവിക കമാൻഡിൽ നിന്നും നെടുമ്പശേരി വിമാനത്താവളത്തിന് സമീപം വരെ ബി.എസ്.എൻ.എല്ലിന്റെ ഒപ്ടിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഡ്രില്ലിംഗ് നടത്തുന്നതിനിടയിലാണ് രണ്ടിടത്ത് പൈപ്പ് പൊട്ടിയത്.
തമ്മനം പമ്പ് ഹൗസിൽ നിന്നുള്ള പൈപ്പ് ലൈൻ കടന്നു പോകുന്ന വൈറ്റില ട്രാക്കിലും പൊന്നുരുന്നി അണ്ടർപാസ് ഭാഗത്തുമാണ് പൈപ്പുകൾക്ക് തകരാറുണ്ടായത്. ചൊവ്വാഴ്ച രാത്രി മുതൽ ജല അതോറ്റിയുൾപ്പെടെ വിവിധ ഏജൻസികൾ യുദ്ധകാലാടിസ്ഥാനത്തിൽ പണിയെടുത്തതിനെ തുടർന്നാണ് പൈപ്പുകളുടെ കേടുപാടുകൾ പരിഹരിക്കാൻ കഴിഞ്ഞത്.
സാധാരണ ദിവസങ്ങളിൽ വൈകിട്ട് ഏഴു മണിയോടെ പമ്പിംഗ് നിർത്തിവച്ചിരുന്നു. എന്നാൽ നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് ഇന്നലെ രാത്രിയിലും പമ്പിംഗ് തുടർന്നതിനാൽ എല്ലാ ഭാഗത്തും ആവശ്യത്തിന് വെള്ളമെത്തിക്കാൻ ജല അതോറിറ്റിക്ക് കഴിഞ്ഞു. ഒന്നിടവിട്ട ദിവസങ്ങളിലെ ഈ ഭാഗത്തേക്ക് പമ്പിംഗുള്ളു. നഗരപ്രദേശത്തേക്കും വെണ്ണലയിലേക്കും വെള്ളം പമ്പ് ചെയ്യുന്ന ടാങ്കിന്റെ ക്ളീനിംഗ് നടക്കുന്നതിനാൽ ഈ ഭാഗത്തേക്കുള്ള പമ്പിംഗ് ഇന്നു രാത്രി വരെ നിർത്തിവച്ചിരിക്കുകയാണ്. ഇതും തെക്കൻ പ്രദേശങ്ങളിലേക്കുള്ള പമ്പിംഗ് സുഗമമാക്കി.