sp
ബിനാനിപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ വെൽഫെയർ അസോസിയേഷൻ സ്ഥാപിച്ച 44 കാമറകളുടെ സ്വിച്ച് ഓൺ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് നിർവഹിക്കുന്നു

ആലുവ:ബിനാനിപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ വെൽഫെയർ അസോസിയേഷൻ സ്ഥാപിച്ച കാമറകളുടെ സ്വിച്ച് ഓൺ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് നിർവഹിച്ചു. സംസ്ഥാന പൊലീസ് സേനയിലെ അംഗബല കുറവ് പരിഹരിക്കാൻ സി.സി ടി.വി കാമറകൾക്ക് കഴിയുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. . ബിനാനിപുരം മാതൃക റൂറൽ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും നടപ്പാക്കണം. സാങ്കേതിക വിദ്യ പുരോഗമിച്ചതിന്റെ ഗുണവും ദോഷവും ഉണ്ട്. നല്ലത് മാത്രം ഉപയോഗിക്കാനാണ് നാം ശീലിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഷനിലെ മിനി കോൺഫ്രൻസ് ഹാളിന്റെയും ഉദ്ഘാടനം എസ്.പി നിർവഹിച്ചു. പത്ത് ലക്ഷത്തോളം രൂപ ചെലവിലാണ് കാമറകൾ സ്ഥാപിച്ചിട്ടുള്ളത്. 14 കാമറകൾ കൂടി സ്ഥാപിച്ചാൽ പ്രദേശം പൂർണമായി പൊലീസ് നിരീക്ഷണത്തിലാകും.

യോഗത്തിൽ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ടി.ബി. സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എസ്.പി ജി. വേണു, എസ്.എച്ച്.ഒ എ.കെ. സുധീർ, പഞ്ചായത്ത് പ്രസിഡന്റുമാരായ രത്നമ്മ സുരേഷ്, രാധാമണി ജയ്സിംഗ്, വാർഡ് മെമ്പർ ട്രീസ മോളി, ടി.കെ. ഷാജഹാൻ, സുരേഷ് മുട്ടത്തിൽ, വെൽഫെയർ അസോസിയേഷൻ സെക്രട്ടറി പി.കെ. സദാശിവൻപിള്ള, കൺവീനർ കെ. രാജഗോപാൽ, ട്രഷറർ എം.എ. അബ്ദുൾ കരീം എന്നിവർ സംസാരിച്ചു.

മൂന്ന് ഷിഫ്റ്റിലായി മൂന്ന് പൊലീസുകാരുണ്ടെങ്കിൽ കാമറകളുള്ള പ്രദേശങ്ങളെല്ലാം 24 മണിക്കൂറും നിരീക്ഷിക്കാൻ കഴിയും.ഇതിനാവശ്യമായ പണം സർക്കാരിൽ നിന്നും ലഭിക്കില്ല. എന്നാൽ സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും നേതൃത്വത്തിൽ പദ്ധതി വിജയത്തിലെത്തിക്കാം

ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്

ആകെ കാമറകൾ44

എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും കാമറകൾ ലക്ഷ്യം.

ചെലവ് 10 ലക്ഷം