കൊച്ചി : കേന്ദ്ര ബജറ്റിൽ കൊച്ചിക്ക് കാത്തിരുന്നതൊന്നും ലഭിച്ചില്ല. വ്യവസായ നഗരത്തിന്റെ പുരോഗതിക്കോ വാണിജ്യ മേഖലയുടെ വികസനത്തിനോ ആവശ്യമായ പദ്ധതികളൊന്നും ബജറ്റിലില്ല.
ഫാക്ടിന് നിരാശ മാത്രം.
വിഷൻ 2020 പദ്ധതി പ്രകാരം തയ്യാറാക്കിയ 8000 കോടി രൂപയുടെ വികസനത്തെക്കുറിച്ച് പരാമർശവുമില്ല. പൊതുമേഖല സ്ഥാപനങ്ങൾ കൂടുതലായി വിറ്റഴിക്കാനുള്ള നിർദ്ദേശങ്ങളടങ്ങിയ ബഡ്ജറ്റിൽ കൊച്ചിൻ റിഫെെനറി, ഷിപ്പ്യാർഡ് തുടങ്ങിയവയുടെ അതിജീവനത്തിന് ആവശ്യമായ തുക ഉൾപ്പെടുത്തിയില്ലെന്നു മാത്രമല്ല ഉള്ളതു വെട്ടിക്കുറക്കുകയും ചെയ്തു.
ഫാക്ട് അടക്കമുള്ള സ്ഥാപനങ്ങളുടെ നിലനിൽപ്പിന് പ്രതീക്ഷിച്ചിരുന്ന അധിക നിക്ഷേപവുമില്ല.. അങ്കമാലി - ശബരി റെയിൽപ്പാതയെ കുറിച്ച് മിണ്ടാട്ടമില്ല.
പോർട്ട് ട്രസ്റ്റിന് കഴിഞ്ഞവർഷം 46.7 കോടി രൂപയാണ് അനുവദിച്ചതെങ്കിലും 51.20 കോടി രൂപ ചെലവഴിച്ചിരുന്നു. എന്നിട്ടും ഇത്തവണ വിഹിതം പകുതിയായി.
കൊച്ചിൻ ഷിപ്പ്യാർഡിന് ഇത്തവണ വിഹിതത്തിൽ 30 കോടി രൂപയുടെ വർദ്ധനവുണ്ട്.
ഒറ്റനോട്ടത്തിൽ
@ കൊച്ചിൻ ഷിപ്പ്യാർഡ് 650 കോടി രൂപ
# കൊച്ചിൻ പോർട്ട് ട്രസ്റ്റ് 26.28 കോടി
# സുഗന്ധ വിള ബോർഡിന് 120 കോടി രൂപ
# റിഫെെനറിയുടെ അതിജീവനത്തിന് തുകയില്ല
കേന്ദ്ര സർക്കാരിന്റെ മാസ്റ്റർ പ്രോജക്ടായ സ്മാർട്ട് സിറ്റി മിഷനിൽ കഴിഞ്ഞവർഷം കൊച്ചിയും ഉൾപ്പെട്ടിരുന്നു. അന്ന് മിഷന് 6450 കോടി രൂപയാണ് അനുവദിച്ചിരുന്നത്. അതിൽ ജനുവരി 1 വരെ 3450 കോടി രൂപ ചെലവഴിച്ചതായി ബഡ്ജറ്റിൽ പ്രഖ്യാപനമുണ്ട്. ഈ വർഷം മൂന്ന് നഗരങ്ങളെ കൂടി പദ്ധതിയിൽ ഉൾപ്പടുത്തുമെന്നാണ് പ്രഖ്യാപനം. എന്നാൽ വിഹിതം പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ ബഡ്ജറ്റിലെ 6450 കോടിയിലെ അവശേഷിക്കുന്ന 3000കോടി ആയിരിക്കും ഇവയ്ക്കെല്ലാം കൂടിയുള്ളതെന്നാണ് നിഗമനം.
സ്വകാര്യ ട്രെയിനുകൾ സർവീസ് ആരംഭിക്കുന്നത് ജില്ലക്ക് നേട്ടമായേക്കാം. . തിരുവനന്തപുരം– ബെംഗളൂരു, എറണാകുളം– മുംബൈ (കൊങ്കൺ വഴി), ചെന്നൈ– മംഗളൂരു റൂട്ടുകളിലും സ്വകാര്യ ട്രെയിനുകൾക്കു സാധ്യതയുണ്ട്. ഇറക്കുമതി ചെയ്തോ ലീസിനെടുത്തോ സ്വകാര്യ കമ്പനികൾക്ക് ട്രെയിനുകൾ ഓടിക്കാം. യാത്രക്കാർക്കു മികച്ച സൗകര്യങ്ങളും കൃത്യ സമയം പാലിക്കുന്ന സർവീസുകളും ലഭിക്കും. ഇതിന്റെ നേട്ടം ജില്ലയ്ക്കും കിട്ടും.
പാത വൈദ്യുതീകരണം 2024ൽ പൂർത്തിയാക്കുമെന്നാണു മറ്റൊരു പ്രഖ്യാപനം. ഷൊർണൂർ– നിലമ്പൂർ, പാലക്കാട്– പൊള്ളാച്ചി പാതകൾ വൈദ്യുതീകരിക്കാൻ കഴിഞ്ഞ മാസം കരാർ നൽകിയിരുന്നു. കൊല്ലം– ചെങ്കോട്ട പാത വൈദ്യുതീകരണത്തിന് കരാർ ക്ഷണിക്കാനുണ്ട്. കേരളത്തിലെ റെയിൽവേ പാത വൈദ്യുതീകരണം 100 ശതമാനം പൂർത്തിയാകണമെങ്കിൽ എറണാകുളം–കൊച്ചിൻ ഹാർബർ ടെർമിനസ് (6 കിലോമീറ്റർ) പാത കൂടി വൈദ്യുതീകരിക്കേണ്ടതുണ്ട്. നാവിക സേനയുടെ എതിർപ്പു മൂലം ഇതിന് കഴിഞ്ഞിട്ടില്ല.
പ്രമുഖ വിനോദ സഞ്ചാര, തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ട്രെയിൻ സർവീസ് തുടങ്ങുമെന്ന പ്രഖ്യാപനം ജില്ലയ്ക്കും മൊത്തത്തിൽ കേരളത്തിനും ഗുണകരമാകും.
കന്യാകുമാരിയിൽനിന്നു ഗോവയിലെ വാസ്കോ വരെ പ്രതിദിന ടൂറിസ്റ്റ് ട്രെയിൻ വേണമെന്ന ആവശ്യത്തിനു ഏറെ പഴക്കമുണ്ട്. കന്യാകുമാരി– വാസ്കോ സർവീസ് ആരംഭിച്ചാൽ തിരുവനന്തപുരം (ശ്രീപത്‌മനാഭസ്വാമി ക്ഷേത്രം, കോവളം), വർക്കല (ശിവഗിരി), ചെങ്ങന്നൂർ (ശബരിമല, പരുമല), കോട്ടയം (ശബരിമല), അങ്കമാലി (കാലടി), തൃശൂർ (ഗുരുവായൂർ), ബൈന്ദൂർ (മുംകാംബിക) എന്നിങ്ങനെ തീർഥാടന, വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു ട്രെയിനോടിക്കാൻ കഴിയും. കൂടാതെ കേരളത്തിൽ നിന്നു മധുര, തിരുപ്പതി ടൂറിസ്റ്റ് ട്രെയിനുകൾക്കും ഡിമാൻഡുണ്ട്.