toddy-pkd
കള്ള് ഷാപ്പ് ലൈസൻസി അസോസിയേഷൻ സംസ്ഥാന സമ്മേളനവും കുടുംബ സംഗമവും മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: കള്ള് വ്യവസായം സംരക്ഷിക്കാൻ ശുദ്ധമായ കള്ളാണ് നൽകുന്നതെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ. കള്ള് ഷാപ്പ് ലൈസൻസി അസോസിയേഷൻ സംസ്ഥാന സമ്മേളനവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുതലാളിമാർക്കും തൊഴിലാളികൾക്കും കള്ള് വ്യവസായം സംരക്ഷിക്കുന്നതിൽ ഒരുപോലെ ഉത്തരവാദിത്വമുണ്ട്. എൽ.ഡി.എഫ് സർക്കാർ വന്ന ശേഷം എക്‌സൈസ് മേഖലയിലെ നിയമ വിരുദ്ധ പ്രവർത്തനം കുറച്ചു. എൻഫോഴ്‌സ്‌മെന്റിന്റെ പ്രവർത്തനം കാര്യക്ഷമമാണ്. ചിറ്റൂർ മേഖലയിൽ ഇപ്പോഴും നിയമവിരുദ്ധ പ്രവർത്തനം നടക്കുന്നുണ്ടെന്ന് സൂചനയുണ്ട്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും.

ചിറ്റൂരിലെ പല തൊഴിലാളികളും ക്ഷേമനിധി അംഗങ്ങളല്ല. ഇത് നിയമവിരുദ്ധമാണ്. തൊഴിലാളികളെ ക്ഷേമനിധി അംഗങ്ങളാക്കാൻ മുതലാളിമാർ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.

അസോസിയേഷൻ രക്ഷാധികാരി ഡോ.സെബാസ്റ്റ്യൻ പോൾ അദ്ധ്യക്ഷനായി. സംസ്ഥാനത്തെ ഏക വനിതാ ചെത്തുകാരിയായ ഷീജയെ കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എം.സുരേന്ദ്രൻ ആദരിച്ചു. ഉന്നത വിദ്യാഭ്യാസ നിലവാരം പുലർത്തിയ അംഗങ്ങളുടെ മക്കൾക്ക് സി.പി.എം ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രൻ പുരസ്‌കാരം നൽകി.

സംസ്ഥാന പ്രസിഡന്റ് എ.ബി.ഉണ്ണി, ക്ഷേമനിധി ബോർഡ് അംഗം എ.പ്രഭാകരൻ, ജോയിന്റ് എക്‌സൈസ് കമ്മിഷണർ കെ.സുരേഷ് ബാബു, പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ വി.പി.സുലേഷ് കുമാർ, അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി.കെ.അജിത് ബാബു, ജോയിന്റ് സെക്രട്ടറി പി.എസ്.ജയരാജ്, കോ-ഓർഡിനേറ്റർ കെ.റെജികുമാർ, സംസ്ഥാന കമ്മിറ്റി അംഗം പി.ജി.ജഗന്നിവാസൻ, ജില്ലാ പ്രസിഡന്റ് എം.എൻ.സോമൻ നായർ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ്, ചെയർമാൻ കെ.കെ.ഭഗീരഥൻ, സ്വാഗതസംഘം കൺവീനർ കെ.കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.