ആലുവ:നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലം കൊച്ചി - സേലം ഗ്യാസ് പൈപ്പ് ലൈൻ പദ്ധതിയ്ക്കായി അനുമതിയില്ലാതെ കൈയേറിയതായി പരാതി. എടത്തല പഞ്ചായത്തിൽ നഗരസഭയുടെ സ്ഥലത്തെ മതിൽ പൊളിച്ചാണ് സ്ഥലം എടുത്തെന്നാണ് ആക്ഷേപം. സംഭവമറിഞ്ഞ സ്ഥലത്തെത്തിയ കൗൺസിലർ സെബി വി. ബാസ്റ്റ്യൻ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ടു.
നഗരസഭ കൗൺസിലിന്റെ അനുമതി ഇല്ലാത്തതിനാൽ നിർമ്മാണം നടത്താനാകില്ലെന്നാണ് ഇവരുടെ നിലപാട്. വലിയ പൈപ്പുകൾ ഇവിടെ സൂക്ഷിക്കാനും സ്ഥലം ഉപയോഗിക്കുന്നുണ്ട്. ചുറ്റുമതിൽ പൊളിച്ചാണ് ജെ.സി.ബിയും ടിപ്പറുകളും ഇറക്കിയിട്ടുള്ളത്. . അതേസമയം, അനുമതിയോടെയാണ് ഗ്യാസ് പൈപ്പുകൾ സൂക്ഷിക്കുന്നതിന് സ്ഥലം താത്കാലികമായി ഉപയോഗിക്കുന്നതെന്ന് സ്ഥലത്തുണ്ടായിരുന്ന കരാറുകാരുടെ പ്രതിനിധി കൗൺസിലറോട് പറഞ്ഞു. എന്നാൽ ഇത് സംബന്ധിച്ച രേഖകളൊന്നും കൈവശം ഉണ്ടായിരുന്നില്ല. നഗരസഭ സെക്രട്ടറിയും ഇത് സംബന്ധിച്ച് അറിയില്ലെന്നാണ് പറഞ്ഞത്. എന്നാൽ ഭരണപക്ഷത്തെ ചിലരുടെ പിന്തുണയോടെയാണ് സ്ഥലം ഉപയോഗിക്കുന്നതെന്നാണ് സൂചന.