കൊച്ചി: കേരള സംസ്ഥാന കരകൗശല വികസന കോർപ്പറേഷന്റെ എറണാകുളം ശാഖയായ കൈരളിയുടെ ആഭിമുഖ്യത്തിൽ കൈരളി ക്രാഫ്റ്റ്സ് ഫെയറിന് വുമൺസ് അസോസിയേഷൻ ഹാളിൽ തുടക്കമായി. കരകൗശല ഉത്പന്നങ്ങളായ ഈട്ടിത്തടിയിലെ ആനകൾ, ഈട്ടിയിലും കുമ്പിൾ തടിയിലും തീർത്ത വിവിധ തരം ശില്പങ്ങൾ, പിച്ചളയിലും ഓടിലും ഉള്ള ഗൃഹാലങ്കാര വസ്തുക്കൾ, അതിപുരാതന കാലം മുതലുള്ള നെട്ടൂർ പെട്ടി, ലോക പൈതൃക പട്ടികയിൽ സ്ഥാനം നേടിയ ആറന്മുള കണ്ണാടി തുടങ്ങി തനത് കേരളീയ ഉത്പന്നങ്ങൾ പ്രദർശനത്തിലുണ്ട്. ശാന്തിനികേതൻ ബാഗുകൾ, ഘോഷയാർ ലെയ്സ് വർക്കുകൾ, കോൽഹപുരി ചെരുപ്പുകൾ, ഗ്ലാസ് വർക്ക് ചെയ്ത മിഡി ടോപ്, മധ്യപ്രദേശിൽ നിന്നും ചന്ദേരി മഹേശ്വരി സാരികൾ, മധുര സാരികൾ, ഹൈദരാബാദ് സാരികൾ, ലക്‌നൗ ചിക്കൻ വർക്ക് ചെയ്ത തുണിത്തരങ്ങൾ, ജൂട്ട് , കേരളത്തിലെ മൺപാത്ര ഉത്പന്നങ്ങൾ, മുത്ത്, പവിഴം, മരതകം മുതലായവയിൽ തീർത്ത ആഭരണങ്ങൾ, രാജസ്ഥാൻ ബെഡ്ഷീറ്റുകൾ, കണ്ണൂർ കൈത്തറി, മുള, ഈറ്റ ഉത്പന്നങ്ങൾ, നവധാന്യ ഗണപതികൾ, തുളസി മാലകൾ, ഖാദി ഷർട്ടുകൾ തുടങ്ങിയ കരകൗശല കൈത്തറി വസ്തുക്കൾ മേളയിലുണ്ട്. ഫെയറിന്റെ ഉദ്ഘാടനം ടി.ജെ വിനോദ് എം.എൽ.എ നിർവഹിച്ചു. എം.നാരായണൻ നായർ, കെ.വി.പി കൃഷ്ണകുമാർ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.