കൊച്ചി: നിർമ്മിത ബുദ്ധിക്ക് മനുഷ്യബുദ്ധിയെ മറികടക്കാനാവില്ലെന്നും മാദ്ധ്യമരംഗം ഉൾപ്പെടെയുളള തൊഴിൽ മേഖലകളിൽ ഇത്തരം സാങ്കേതിക വിദ്യകൾ ഫലപ്രദമായി ഉപയോഗിക്കുകയാണ് വേണ്ടതെന്നും ആലുവ യു.സി കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ.ഷൈൻ കെ.ജോർജ് പറഞ്ഞു. കേരള മീഡിയ അക്കാഡമിയിൽ നിർമ്മിത ബുദ്ധി മാദ്ധ്യമ രംഗം കൈയ്യടക്കുമോ എന്ന വിഷയത്തിൽ എൻ.എൻ സത്യവ്രതൻ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിവരങ്ങളുടെ വിശകലനത്തിന് നിർമ്മിത ബുദ്ധിക്ക് ഏറെ കാര്യങ്ങൾ ചെയ്യാനാകും. വാർത്തയുടെ അതിപ്രസരമുളള സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാജവാർത്തകൾ പെരുകുകയാണ്. ഇത്തരം വാർത്തയുടെ ഉറവിടവും തെറ്റും ശരിയും കണ്ടെത്താനും നിർമ്മിത ബുദ്ധിക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
വ്യാജ വാർത്തകൾ അരങ്ങു തകർക്കുന്ന ഇക്കാലത്ത് എൻ.എൻ സത്യവ്രതനെ പോലുളള സത്യസന്ധരായ പത്രപ്രവർത്തകരുടെ മാതൃകകൾ ഏറെ പ്രസക്തമാണെന്ന് ചടങ്ങിൽ എൻ.എൻ സത്യവ്രതൻ അനുസ്മരണ പ്രഭാഷണം നടത്തിയ മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ പി.സുജാതൻ പറഞ്ഞു. പരമ്പരാഗത വാർത്താസങ്കൽപ്പങ്ങളെ മാറ്റിനർത്തി തികച്ചും വ്യത്യസ്തമായ വീക്ഷണ കോണിലൂടെ പത്ര പ്രവർത്തനത്തെ സമീപിച്ച സത്യവ്രതൻ വിപുലമായ സൗഹൃദവലയവും ശിഷ്യസമ്പത്തും കൊണ്ട് അനുഗൃഹീതനായിരുന്നു. വേറിട്ട വാർത്തകൾ എഴുതുന്നവരെ കണ്ടെത്തി അഭിനന്ദനവും പ്രോത്സാഹനവും നൽകുന്നതിൽ അദ്ദഹം മടി കാണിച്ചില്ലെന്ന് പി.സുജാതൻ അനുസ്മരിച്ചു.
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്യൂണിക്കേഷൻ ഡയറക്ടർ ഡോ.എം. ശങ്കർ അധ്യക്ഷത വഹിച്ചു. അധ്യാപകരായ കെ.ഹേമലത, കെ. അജിത് എന്നിവർ സംസാരിച്ചു.