തൃക്കാക്കര: റോഡ് നിയമങ്ങൾ പരസ്യമായി ലംഘിച്ച കാർ വിതരണക്കാർക്കെതിരെ കടുത്ത നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങൾക്ക് അതീവ സുരക്ഷ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ച ശേഷം മാത്രമേ ഉപഭോക്താവിന് വിൽക്കാവൂ എന്ന നിയമത്തിന് പുല്ലുവില കൽപ്പിച്ച കാക്കനാട്ടെ ഇൻഡസ് മോട്ടോഴ്‌സിനെതിരെയാണ് വകുപ്പ് നടപടി സ്വീകരിക്കാനൊരുങ്ങുന്നത്.
ഇന്നലെ രാവിലെ കാക്കനാട് ഡ്രൈവിംഗ് സ്‌കൂൾ ഗ്രൗണ്ടിൽ ടെസ്റ്റ് നടത്തുന്നനിടെയാണ് അതുവഴി വന്ന പുതിയ കാർ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആർ. ചന്തു പിടികൂടിയത്. അതിസുരക്ഷാ നമ്പർ പ്ലേറ്റിന് പകരം സാധാരണ നമ്പർ പ്ലേറ്റ് കാക്കനാട് സ്വദേശിയായ രാഹുൽ സ്വയം പിടിപ്പിച്ചാണ് വണ്ടി ഓടിച്ചിരുന്നത്.
വാഹൻ ഉറപ്പ് വരുത്തുക
അതീവ സുരക്ഷ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച ശേഷം മോട്ടോർ വാഹന വകുപ്പിന്റെ കേന്ദ്രീകൃത സോഫ്റ്റ് വെയറായ വാഹനിലേക്ക് ഫോട്ടോ അപ് ലോഡ് ചെയ്യണമെന്നാണ് നിയമം. ഇതൊന്നും പാലിക്കാതിരുന്ന വാഹന വിതരണക്കാർക്കെതിരെയാണ് നടപടിയെടുക്കുക. ഒരു ലക്ഷം രൂപ വരെ പിഴയീടാക്കാവുന്ന നിയമ ലംഘനമാണിതെന്ന് ജോയിന്റ് ആർ.ടി.ഒ. കെ മനോജ് വ്യക്തമാക്കി. വാഹന ഉടമയ്‌ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മോട്ടോർ വാഹന ഭേദഗതി വകുപ്പ് 39,43
മോട്ടോർ വാഹന ഭേദഗതി നിയമത്തിലെ 39,43 വകുപ്പുകൾ പ്രകാരം വാഹന ഡീലർ തന്നെയാണ് നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കേണ്ടത് . റിവറ്റ് ചെയ്ത് പിടിപ്പിക്കുന്ന നമ്പർ പ്ലേറ്റുകൾ അഴിച്ച് മാറ്റാൻ കഴിയാത്ത തരത്തിലായിരിക്കണം
2000 രൂപ സ്വാഹ
എന്നാൽ കഴിഞ്ഞ മാസം 9ന് താൽക്കാലിക രജിസ്‌ടേഷൻ കഴിഞ്ഞ വാഹനം ഉടമക്ക് ഉടനെ തന്നെ നൽകുകയായിരുന്നു വിതരണക്കാർ ചെയ്തത്. പിന്നീട് ഇയാൾ തന്നെ നേരിട്ട് സാധാരണ രീതിയിലുള്ള പ്ലേറ്റ് പിടിപ്പിക്കുകയായിരുന്നു. സംഭവത്തിൽ വാഹന ഉടമയിൽ നിന്ന് 2000 രൂപ പിഴ ഈടാക്കിയിട്ടുണ്ട്. വാഹന വിതരണക്കാർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.