കോലഞ്ചേരി: ഇനി മുതൽ പട്ടാളക്കാർക്ക് മാത്രമല്ല, കുടുംബാംഗങ്ങൾക്കും സർക്കാർ ഓഫീസുകളിൽ ബിഗ് സല്യൂട്ട്. സൈനികർക്കും കുടുംബാംഗങ്ങൾക്കും സർക്കാർ ഓഫീസുകളിൽ മാന്യമായ പരിഗണന നല്കണമെന്നും അവരുടെ ആവശ്യങ്ങൾ നിറവേ​റ്റിനൽകാൻ ഉദ്യോഗസ്ഥർ കാലതാമസം വരുത്തരുതെന്നുമാണ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദ്ദേശം.
കര, വ്യോമ, നാവിക സേനകളിലെ ജവാൻമാർ, ബി.എസ്.എഫ്, ഐ.ടി.ബി.പി, സി.ആർ.പി.എഫ് തുടങ്ങിയ കേന്ദ്ര സായുധ പൊലീസ് സേനാംഗങ്ങൾ എന്നിവർ സംസ്ഥാന സർക്കാരിന്റെ ഓഫിസുകളിൽ എത്തുമ്പോൾ സ്വീകരിക്കേണ്ട സമീപനം സംബന്ധിച്ച് പ്രതിരോധ മന്ത്രി മുഖ്യമന്ത്രിയ്ക്കയച്ച കത്തിനെ തുടർന്നാണ് നടപടി.

അതിർത്തിയിൽ പ്രതികൂല സാഹചര്യങ്ങളിൽ രാജ്യ സുരക്ഷയ്ക്കുവേണ്ടി ജീവൻ പണയം വയ്ക്കുന്നവരാണ് ജവാൻമാർ. കുടുംബങ്ങളുടെ വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വളരെക്കുറഞ്ഞ സമയം മാത്രമേ ഇവർക്കു ലഭിക്കാറുള്ളൂ. ഇത്തരം ആവശ്യങ്ങളിൽ അധികവും സംസ്ഥാന സർക്കാരിനു കീഴിലുള്ള ഓഫിസുകളുമായി ബന്ധപ്പെട്ടവയാണ്. അതുകൊണ്ട് ജവാൻമാർ, കേന്ദ്ര സായുധ പൊലീസ് സേനാംഗങ്ങൾ എന്നിവർ ഓഫിസുകളിലെത്തുമ്പോൾ അർഹമായ ആദരത്തോടെ
പെരുമാറണമെന്നാണ് സർക്കാർ നിർദ്ദേശം.

എല്ലാ വകുപ്പു തലവൻമാർക്കും കളക്ടർമാർക്കും കോർപറേഷനുകളുടെയും മുനിസിപ്പാലി​റ്റികളുടെയും സെക്രട്ടറിമാർക്കുമാണ് സർക്കുലർ അയച്ചത്.