water
പെരിയാർവാലി കനാൽ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് എടയപ്പുറം കണ്ണിപ്പറമ്പത്ത് ലെയിനിൽ സുബ്രഹ്മണ്യന്റെ വീട്ടുമുറ്റത്ത് കെട്ടിക്കിടക്കുന്ന വെള്ളം

# കനാലുകളും തോടുകളും കോൺക്രീറ്റ് ചെയ്യണം

# തോടുകളിലേക്കുള്ള ഷട്ടറുകൾ പുന:സ്ഥാപിക്കണം

# വീടുകൾക്ക് ബലക്ഷയം സംഭവിക്കാൻ സാദ്ധ്യത

# താമസക്കാർ പകർച്ചവ്യാധി ഭീഷണിയിൽ

ആലുവ: പെരിയാർവാലി കനാലുകളും തോടുകളും യഥാസമയം ശുചീകരിക്കാത്തതിന്റെ ദുരവസ്ഥ അനുഭവിക്കുകയാണ് എടയപ്പുറത്തുകാർ. പ്രശ്നം പരിഹരിക്കേണ്ട കീഴ്മാട് പഞ്ചായത്ത് അധികാരികളാകട്ടെ അനങ്ങുന്നുമില്ല. ഇവിടങ്ങളിൽ വെള്ളം കരകവിഞ്ഞൊഴുകുന്നത് പരിസര പ്രദേശങ്ങളിലെ വീടുകൾ അപകാടവസ്ഥയിലാക്കുന്നു. ഗ്രാമപഞ്ചായത്ത് 17 -ാം വാർഡിൽ എടയപ്പുറത്താണ് ദുരിതബാധിതർ ഏറെയും.

കനാലിൽ വെള്ളംവന്നാൽ കണ്ണിപ്പറമ്പത്ത് ലെയിൻ, പയ്യംതുരുത്തി ലെയ്ൻ തുടങ്ങി വഴികളിൽ താമസിക്കുന്ന ഒരു ഡസനിലേറെ വീടുകളുടെ മുറ്റത്ത് വെള്ളംനിറയും. ആഴ്ചയിൽ അഞ്ച് ദിവസവും ഇതാണ് അവസ്ഥ. വേനൽ കടുത്തതിനാൽ കുടിവെള്ളത്തിനും കൃഷിയാവശ്യത്തിനും കനാലിൽ വെള്ളം ആവശ്യമാണ്. എന്നാൽ കനാലുകളുടെ ശുചീകരണം വേണ്ടവിധത്തിൽ നടത്താതെയാണ് വെള്ളം തുറന്നുവിടുന്നത്. തൊഴിലുറപ്പുകാരെ ഉപയോഗപ്പെടുത്തി പുല്ലും ചപ്പുചവറുകളും മാത്രമാണ് നീക്കുന്നത്. എന്നാൽ എല്ലാ മേഖലയിലും ഇത്തരത്തിലുള്ള നവീകരണം പോലുമില്ല. ഈ സാഹചര്യത്തിലാണ് കനാലിൽ വെള്ളം നിറഞ്ഞൊഴുകുന്നത്.

# തോടുകളിലെ സ്ഥിതിയും തഥൈവ

സബ് കനാലുകളിൽ നിന്ന് തോടുകളിലേക്ക് വെള്ളം തുറന്നുവിടുന്ന ഷട്ടറുകളും തുരുമ്പെടുത്ത് നശിച്ചതിനാൽ തോടുകളിലേക്കും വെള്ളം കുത്തിയൊഴുകുകയാണ്. തോടുകളിലാണെങ്കിൽ വർഷങ്ങളായി പുല്ലുപോലും പറിച്ചിട്ടില്ല. കനാലിന്റെ വശങ്ങൾ താഴ്ന്ന പ്രദേശമാണെങ്കിൽ കനാലുകൾ കോൺക്രീറ്റ് ചെയ്ത് ചോർച്ച ഒഴിവാക്കുമായിരുന്നു. ഇത്തരം ഭാഗങ്ങളിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് ചെയ്ത കോൺക്രീറ്റുകളെല്ലാം ഏതാണ്ട് പൂർണമായി ഇളികപ്പോയ അവസ്ഥയാണ്. ഈ ഭാഗത്താണ് കൂടുതൽ ചേർച്ചയുള്ളത്. വീട്ടുമുറ്റത്തുകൂടെ കുത്തിയൊലിച്ച് വീടിന്റെ അടിത്തറക്കുണ്ടാകുന്ന കേടുപാടുകൾക്ക് പുറമെ വീട്ടുകാർ പകർച്ചവ്യാധി ഭീഷണിയിലുമാണ്. ചില ഭാഗങ്ങളിൽ കനാലിൽ അറവുശാല മാലിന്യങ്ങൾ വരെ തള്ളുന്നുണ്ട്.

കൊച്ചിൻബാങ്ക് ഭാഗത്തെ മെയിൻകനാലിൽ നിന്ന് സബ് കനാലിലേക്കുള്ള ഷട്ടർ അടച്ചാൽ കർഷകരും പ്രതിസന്ധിയിലും.

കനാൽ കരകവിഞ്ഞൊഴുകിയും ചോർന്നും ജനങ്ങൾക്ക് ഉണ്ടാകുന്ന ദുരിതം പരിഹരിക്കണമെന്ന് താമസക്കാർ പലവട്ടം പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടതാണെങ്കിലും നടപടിയുണ്ടായിട്ടില്ല. എം.എൽ.എ ഫണ്ട് കണ്ടെത്തിയാണെങ്കിലും പ്രശ്നം അടയന്തരമായി പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

# പലവട്ടം പറഞ്ഞിട്ടും നടപടിയില്ല

എടയപ്പുറം കണ്ണിപ്പറമ്പത്ത് ലെയ്‌നിലെയും പയ്യംതുരുത്തി ലെയ്‌നിലെയും വീടുകളിലെ വെള്ളക്കെട്ടും ചോർച്ചയും ഒഴിവാക്കാൻ നടപടി വേണമെന്ന് പലവട്ടം പെരിയാർവാലി അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. കഴിഞ്ഞമാസം അൻവർസാദത്ത് എം.എൽ.എ വിളിച്ച യോഗത്തിലും ആവശ്യമുന്നയിച്ചിരുന്നു. മാർച്ച് മാസത്തിനകം പരിഹാരമുണ്ടായില്ലെങ്കിൽ പഞ്ചായത്ത് ചെലവിൽ പ്രശ്നം പരിഹരിക്കും. പെരിയാർവാലി അധികൃതർക്കെതിരെ വകുപ്പ് മന്ത്രിക്ക് പരാതിയും നൽകും.

അഭിലാഷ് അശോകൻ

വാർഡ് അംഗം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ