കൊച്ചി: തേവര കോന്തുരുത്തി പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവരെ ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിനെതിരെ ഹൈബി ഈഡൻ എം.പി.അരനൂറ്റാണ്ടിലേറെയായി പുഴയുടെ തീരത്ത് താമസിക്കുന്നവരെ കൃത്യമായ പുനരധിവാസ പാക്കേജ് നിശ്ചയിക്കാതെ ഒഴിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഹൈബി പറഞ്ഞു. മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് തേവര മെയ്ദിന നഗറിലെ 52 കുടുംബങ്ങൾക്ക് പട്ടയം നൽകിയിരുന്നു. ഇതേ തുടർന്ന് കോന്തുരുത്തിയിലുള്ളവർക്കും പട്ടയം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നതാണ്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്.
കുടിയൊഴിപ്പിക്കുന്നവർക്ക് അർഹമായ സർക്കാർ പാക്കേജ് പ്രഖ്യാപിക്കുകയോ, നഗരസഭ കൗൺസിൽ തീരുമാനമായ പുഴ വികസനം 18 മീറ്ററാക്കുകയോ വേണം. വർഷങ്ങളായി അവിടെ താമസിക്കുന്നവരെ പെട്ടെന്ന് ഒരു ദിവസം വെറും കൈയോടെ ഇറക്കി വിടുക എന്ന തീരുമാനത്തോട് യോജിക്കാൻ കഴിയില്ല. സർക്കാരിന്റെ ഭാഗത്ത് നിന്നും പ്രദേശവാസികൾക്ക് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ സമരത്തിൽ പങ്കാളിയാകുമെന്ന് എം.പി അറിയിച്ചു.