കൊച്ചി: മഴയും വെള്ളക്കെട്ടും കൊച്ചിക്ക് പുതുമയല്ല. ഒരൊറ്റ മഴയിൽ നഗരം വെള്ളക്കെട്ടിലാകുന്നത് സാധാരണ സംഭവമാണ്. പുതിയ സ്ഥലങ്ങളിലേക്കും വെള്ളക്കെട്ട് എത്തുന്നു എന്നതാണ് പുതിയ വിശേഷം. മഴ കഴിഞ്ഞാലും ഡർബാർ ഹാൾ ഗ്രൗണ്ട്, രാമവർമ്മ ക്ളബ്ബ്, എം.ജി.റോഡ് എന്നിവിടങ്ങളിലെ വെള്ളക്കെട്ട് മാറണമെങ്കിൽ മണിക്കൂറുകളെടുക്കും. എറണാകുളം ഉപതിരഞ്ഞെടുപ്പ് ദിവസത്തിലുണ്ടായ പേമാരിയിൽ നഗരത്തിലെ മറ്റ് പ്രദേശങ്ങൾക്കൊപ്പം ഈ ഭാഗത്തും കനത്ത വെള്ളക്കെട്ടുണ്ടായെങ്കിലും ആളുകൾ അത്ര കാര്യമാക്കിയില്ല. എന്നാൽ കഴിഞ്ഞ 16 ന് രാത്രി പെയ്ത മഴയിൽ എം.ജി.റോഡും പരിസര പ്രദേശങ്ങളും വെള്ളത്തിലായതോടെയാണ് ഇതൊരു സ്ഥിരം പ്രതിഭാസമാകുമോയെന്ന ആശങ്ക ശക്തമായത്. ചേരി വികസന പദ്ധതിയിൽ പശ്ചിമകൊച്ചിയിലെ ഏതൊക്കെ ചേരികൾ ഉൾപ്പെടുത്തണമെന്നു തിരഞ്ഞെടുക്കാൻ കൊച്ചി സ്മാർട് മിഷൻ ലിമിറ്റഡിനെ(സി.എസ്.എം.എൽ) ചുമതലപ്പെടുത്തി. മാനദണ്ഡങ്ങൾക്കനുസരിച്ച് സി.എസ്.എം.എൽ തിരഞ്ഞെടുക്കുന്ന 34 ചേരികൾക്ക് അംഗീകാരം നൽകേണ്ടത് നഗരസഭയാണ്.
# അശാസ്ത്രിയമായ നടപ്പാത
നിർമ്മാണം തലവേദനയായി
സ്മാർട്ട് സിറ്റിയുടെ ഭാഗമായുള്ള അശാസ്ത്രിയമായ നടപ്പാത നിർമ്മാണത്തിന്റെ സംഭാവനയാണ് എം.ജി.റോഡിലെ വെള്ളക്കെട്ട്. വെള്ളം ഒഴുകി പോകാൻ കഴിയുന്ന വിധത്തിൽ നിശ്ചിത ദൂരത്തിൽ സ്ളാബുകളിൽ ഓപ്പണിംഗ് ഉണ്ടായിരുന്നെങ്കിൽ വെള്ളക്കെട്ട് ഒഴിവാക്കാമായിരുന്നു.ഇക്കാര്യം സ്മാർട്ട് സിറ്റി അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.
കെ.വി.പി കൃഷ്ണകുമാർ, കൗൺസിലർ
# സ്മാർട്ട് സിറ്റി ടെൻഡർ 31 നകം
കേന്ദ്ര സ്മാർട്സിറ്റിയിൽ കൊച്ചിക്കായി വിഭാവനം ചെയ്ത പദ്ധതികളെല്ലാം മാർച്ച് 31ന് മുൻപ് തന്നെ ടെൻഡർ ചെയ്യാൻ വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കാൻ മന്ത്രി എ.സി.മൊയ്തീൻ കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത യോഗം തീരുമാനിച്ചു. പല തവണ ടെൻഡർ ചെയ്തിട്ടും ഏറ്റെടുക്കാനാളില്ലാത്ത പദ്ധതികൾ ടെൻഡർ നടപടികൾ ഒഴിവാക്കി കരാറുകാരിൽ നിന്ന് ഓഫർ സ്വീകരിച്ച് നൽകാനും ധാരണയായി. കരാർ നൽകാത്ത പദ്ധതികൾ നഷ്ടമാവുമെന്ന സാഹചര്യത്തിലാണ് മന്ത്രി യോഗം വിളിച്ചത്.
യോഗം ചേരും
പദ്ധതികളുമായി ബന്ധപ്പെട്ടു നിലവിലുള്ള തടസങ്ങൾ നീക്കാൻ ബന്ധപ്പെട്ട വകുപ്പ് അധികൃതരുടെ സംയുക്ത യോഗം വിളിക്കും.
പശ്ചിമ കൊച്ചിയിലെ മലിന ജല സംസ്‌ക്കരണ പ്ലാന്റ് നിർമ്മാണത്തിനു പ്രാദേശികമായ എതിർപ്പ് മറികടക്കാൻ ലക്ഷ്യമിട്ട് വിവിധ രാഷ്ട്രീയ കക്ഷികളുടെയും ജനപ്രതിനിധികളുടെയും യോഗം വിളിക്കും. ജനങ്ങൾക്കുള്ള ആശങ്ക അകറ്റാൻ അവരുടെ പ്രതിനിധികൾക്കു രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഇത്തരം പ്ലാന്റുകൾ സന്ദർശിക്കാനുള്ള അവസരം ഒരുക്കും.