പിറവം: രാമമംഗലം ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പദ്ധതി നടത്തിപ്പ് മറ്റു വിദ്യാലയങ്ങൾക്കും മാതൃയാകുന്നു. ഹൈടെക് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഐ.ടി വി ഭാഗം നടപ്പിലാക്കിയ ഐ.ടി. കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്.
വിദ്യാർത്ഥികൾക്കായി ആനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം, ഗ്രാഫിക് ഡിസൈനിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ് വെയർ, റോബോട്ടിക്സ്, സൈബർ സുരക്ഷ, ഇലക്ടോണിക്സ്, തുടങ്ങി വിവിധ മേഖലകളിൽ ഇവിടെ പരിശീലനം നടത്തി വരുന്നു. മാതൃശാക്തീകരണ പരിപാടി, വീഡിയോ തയ്യാറാക്കൽ,ക്യൂ. ആർ കോഡ് നിർമ്മാണം, ഡിജിറ്റൽ മാഗസിൻ എന്നിവയെല്ലാം ലിറ്റിൽ കൈറ്റ്സിന്റെ എടുത്തു പറയേണ്ട പ്രവർത്തനങ്ങളാണ്. കുട്ടികൾക്കായി ഫീൽഡ് ട്രിപ്പ് , വിദഗ്ദ ക്ളാസ്സ് എന്നിവയും ഇവിടെ സംഘടിപ്പിക്കാറുണ്ട്. കാലത്തിനൊപ്പം കുട്ടികളെ വളർത്തിക്കൊണ്ടു വരുകയും ഐ.ടി മേഖലയിലെ പുതുമകളിലൂടെ സഞ്ചരിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുകയാണ് ലിറ്റിൽ കൈറ്റ്സിന്റെ ലക്ഷ്യമെന്ന് ഹെഡ്മാസ്റ്റർ മണി.പി. കൃഷ്ണൻ പറഞ്ഞു.